തിരുവനന്തപുരം: കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ വോട്ടുകച്ചവടം നടന്നതിന്റെ തെളിവാണ് വട്ടിയൂർക്കാവിലെ പൊട്ടിത്തെറിയെന്ന് കോടിയേരി ബാലകൃഷ്ണൻ. വോട്ടുകച്ചവടം നടന്നെങ്കിലും എൽ.ഡി.എഫ്. അധികാരത്തിലെത്തും. ചാനൽ സർവേകൾ പ്രവചിച്ചതിനെക്കാൾ സീറ്റ് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വട്ടിയൂർക്കാവിൽ പാർട്ടിവിരുദ്ധപ്രചാരണം നടന്നുവെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തൽ തോൽവി മുന്നിൽക്കണ്ടുള്ള ജാമ്യമെടുക്കലാണ്. വോട്ടുകച്ചവടം നടന്നുവെന്നുപറഞ്ഞത് കോൺഗ്രസ് പ്രസിഡന്റാണ്. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽപ്പോലും അവർക്ക് വോട്ട് നിലനിർത്താൻപറ്റാത്ത അവസ്ഥയാണ്. വട്ടിയൂർക്കാവിൽ മാത്രമല്ല, മറ്റുമണ്ഡലങ്ങളിലും ഇത്തരം വോട്ടുകച്ചവടം നടന്നിട്ടുണ്ട്. കോൺഗ്രസുകാരെ കോൺഗ്രസുകാരായി നിർത്താൻ അവർ പരിശ്രമിക്കണം. സ്വന്തം സ്ഥാനാർഥിയുടെ പോസ്റ്റർ തൂക്കിവിറ്റത് കോൺഗ്രസിന്റെ പാപ്പരത്തത്തിന്റെ തെളിവാണിത്.

കഴിഞ്ഞതവണ നേമത്ത് കോൺഗ്രസ് വോട്ട് കൂട്ടത്തോടെ ബി.ജെ.പി.ക്കുമാറ്റിയതുകൊണ്ടാണ് നിയമസഭയിൽ ബി.ജെ.പി. അക്കൗണ്ട് തുറന്നത്. ഇതിൽ പാഠംപഠിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. എൽ.ഡി.എഫിന് തുടർഭരണമുണ്ടാകില്ലെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ് പറയുന്നത് ബി.ജെ.പി.യും കോൺഗ്രസും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെ തെളിവാണ് -കോടിയേരി പറഞ്ഞു.

ജലീലിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഇനിയും സമയമുണ്ട്

മുഖ്യമന്ത്രിക്ക്, കെ.ടി. ജലീലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ.

നിയമവശം പരിശോധിച്ച് യുക്തമായ സമയത്ത് ആവശ്യമായ തീരുമാനമെടുക്കും. എല്ലാകാര്യങ്ങളും പരിശോധിച്ചാകും തീരുമാനം. ലോകായുക്ത വിധിവന്നു. നിയമവശം പരിശോധിച്ചുകൊണ്ടിരിക്കയാണ്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ജലീലിനുണ്ട്. ലോകായുക്തയ്ക്കുമുകളിലാണ് ഹൈക്കോടതി. ഇ.പി. ജയരാജൻ നേരത്തേ രാജിവെച്ച സംഭവവുമായി ഇതിനെ കൂട്ടിച്ചേർത്ത് പരിശോധിക്കേണ്ടതില്ല.

ജയരാജൻ രാജിസന്നദ്ധത സ്വയം അറിയിച്ചതാണ്. ആ സമയത്ത് അദ്ദേഹത്തിന്റെ പേരിൽ കേസുപോലും ഇല്ലായിരുന്നു -കോടിയേരി പറഞ്ഞു.