കണ്ണൂര്‍: വിധേയരാകുകയല്ല എഴുത്തുകാര്‍ ചെയ്യേണ്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവര്‍ തിരുത്തല്‍ ശക്തിയായ വിമര്‍ശകരാകണം. നിഷ്പക്ഷത കാപട്യമാണ്. അഴിമതിയും അക്രമവുമുണ്ടാകുമ്പോള്‍ നിഷ്പക്ഷരാണെന്ന് പറഞ്ഞ് നിശ്ശബ്ദരാകുന്ന എഴുത്തുകാര്‍ അഴിമതിക്കാരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് കല ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വി.സാംബശിവന്‍ സ്മാരക പുരസ്‌കാരം കെ.ആര്‍.മീരയ്ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കലയും സാഹിത്യവും സംസ്‌കാരം വളര്‍ത്തുന്നതാണ്. അത് പ്രതികരണശേഷിയുണ്ടാക്കും. വര്‍ഗീയതയും ജാതിയതയും ശക്തിപ്രാപിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മതനിരപേക്ഷത വളര്‍ത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

മതവിശ്വാസം തീവ്രവാദത്തിലേക്ക് വഴിമാറുന്നത് അപകടകമാണെന്നും മതേതരത്വം വളര്‍ത്തിമാത്രമേ ഇതിനെ ചെറുക്കാനാകുകയുള്ളൂവെന്നും കോടിയേരി പറഞ്ഞു.

എം.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് ചടങ്ങില്‍ വിതരണം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കലാ ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനന്‍ പനങ്ങാട്, സി.കെ.നൗഷാദ്, ടി.വി. ഇഹ്മത്ത്, ദിവാകരന്‍ വാര്യര്‍, സജി തോമസ്, പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.