തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറിസ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ തുടർചികിത്സ വേണ്ടതുണ്ടെന്നും സെക്രട്ടറിസ്ഥാനത്തുനിന്ന് അവധിനൽകണമെന്നുമുള്ള കോടിയേരിയുടെ അപേക്ഷ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എൽ.ഡി.എഫ്. കൺവീനറും കേന്ദ്രകമ്മിറ്റി അംഗവുമായ എ. വിജയരാഘവനാണ് സെക്രട്ടറിയുടെ ചുമതല.
രോഗബാധിതനായ ഘട്ടത്തിൽത്തന്നെ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ കോടിയേരി സന്നദ്ധനായിരുന്നു. അമേരിക്കയിൽ വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ച സമയത്തായിരുന്നു അത്. എന്നാൽ, കോടിയേരി മാറിനിൽക്കേണ്ടെന്ന നിലപാടാണ് അന്ന് സി.പി.എം. സ്വീകരിച്ചത്. ചികിത്സയ്ക്കു പോകുമ്പോൾ പകരം ചുമതല ആർക്കും നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. കോടിയേരിയുടെ അസാന്നിധ്യത്തിൽ സെക്രട്ടേറിയറ്റ് കൂട്ടായി തീരുമാനമെടുത്താൽ മതിയെന്നായിരുന്നു പാർട്ടി നിലപാട്. ആറുമാസത്തിലേറെ അങ്ങനെയാണ് സി.പി.എം. പ്രവർത്തിച്ചത്.
2015-ൽ ആലപ്പുഴയിൽനടന്ന സമ്മേളനത്തിലാണ് പിണറായിയുടെ പിൻഗാമിയായി കോടിയേരി പാർട്ടി സെക്രട്ടറിയാവുന്നത്.
മകന്റെ കേസ്
െബംഗളൂരു മയക്കുമരുന്ന് കേസിന്റെ അന്വേഷണം മകൻ ബിനീഷിന്റെ പണമിടപാടിലേക്ക് എത്തിയെങ്കിലും അദ്ദേഹം മകനെ തള്ളി പാർട്ടിക്കൊപ്പം നിന്നു. ഇ.ഡി. ബിനീഷിനെ കസ്റ്റഡിയിലെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തതോടെ അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമായി. പാർട്ടി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ‘വ്യക്തിത്വ ശുചിത്വം’ നിർദേശിച്ച തെറ്റുതിരുത്തൽ രേഖയുയർത്തി അവർ കോടിയേരിയെ നേരിട്ടു.
വ്യക്തിയെന്നനിലയിൽ ബിനീഷിന്റെ കേസ് പാർട്ടിയുടെ ബാധ്യതയല്ലെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. അച്ഛനും പാർട്ടി സെക്രട്ടറിയും ഒന്നല്ലെന്ന് തുറന്നുപറഞ്ഞ്, പ്രതിപക്ഷത്തിന്റെ ആരോപണത്തെയും മാധ്യമങ്ങളുടെ ചോദ്യത്തെയും അദ്ദേഹം നേരിട്ടു. പാർട്ടി നിലപാടാണ് തനിക്ക് വലുതെന്നു പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയെ സെക്രട്ടറിതന്നെ പ്രതിക്കൂട്ടിൽനിർത്തുന്നെന്ന നിശ്ശബ്ദ വിമർശനം ഉയരുന്നുണ്ടെന്ന തോന്നൽ കോടിയേരിക്കുണ്ടായിരുന്നു. ഈ മാനസിക സംഘർഷത്തിനൊപ്പം, അടക്കിനിർത്തിയ രോഗം വീണ്ടും തലപൊക്കുകയും ചെയ്തു. ഇതോടെയാണ് മാറിനിൽക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചത്.
യോഗം തുടങ്ങുംമുമ്പുതന്നെ പി.ബി. അംഗങ്ങൾ കോടിയേരിയുടെ അവധിയപേക്ഷ ചർച്ചചെയ്തു ധാരണയിലെത്തി. ഇതിൽ പിണറായി വിജയനാണ് പകരം ചുമതലയ്ക്ക് വിജയരാഘവന്റെ പേരു നിർദേശിച്ചത്.
സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി തന്റെ രോഗവിവരവും ചികിത്സ തുടരേണ്ട സാഹചര്യവും വിശദീകരിച്ചു. അവധിയിൽ പോകേണ്ടെന്ന് ചില അംഗങ്ങൾ പറഞ്ഞെങ്കിലും കോടിയേരി നിലപാട് മാറ്റിയില്ല. പകരം ചുമതല വിജയരാഘവനു നൽകാമെന്ന നിർദേശം കോടിയേരി മുന്നോട്ടുവെച്ചു.