തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരേ ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ കേസ് മുറുകുന്നതിനിടെ, മകനെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബിനോയിക്ക് അച്ഛനെന്നനിലയിലോ പാർട്ടി സെക്രട്ടറിയെന്നനിലയിലോ സംരക്ഷണമോ സഹായമോ ലഭിക്കില്ലെന്ന് കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തിൽ അഗ്നിശുദ്ധിവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ബിനോയിക്കു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാടെടുത്തതിനു പിന്നാലെയായിരുന്നു പത്രസമ്മേളനം. എന്നാൽ, കോടിയേരിയുടെ ഈ നിലപാട് യോഗം തള്ളി. യോഗം തുടങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനുമായും എസ്. രാമചന്ദ്രൻ പിള്ളയുമായും കോടിയേരി സംസാരിച്ചിരുന്നു.
പാർട്ടി സെക്രട്ടറിയെന്നനിലയിൽ മകന്റെ പേരിലുള്ള കേസ് പാർട്ടിക്കെതിരേയുള്ള ആയുധമായി ഉപയോഗിക്കപ്പെടും. ഇതൊഴിവാക്കാൻ മാറിനിൽക്കുന്നതാണ് ഉചിതമെന്നാണ് കോടിയേരി വാദിച്ചത്. എന്നാൽ, സെക്രട്ടറി മാറിനിൽക്കുന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് നേതാക്കൾ പറഞ്ഞു.
എന്നാൽ, പിന്നീടുനടന്ന പത്രസമ്മേനത്തിൽ, രാജിവെക്കുമെന്ന വാർത്ത കോടിയേരി നിഷേധിച്ചു. രാജിയെന്നത് നിങ്ങളിൽ ചിലരുടെ ഉദ്ദേശ്യമാണെന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള കോടിയേരിയുടെ മറുപടി.
ബിനോയിക്ക് എതിരായി മുംബൈ പോലീസ് എടുത്തിട്ടുള്ള പരാതിയുടെ നിജഃസ്ഥിതി നിയമപരമായി പരിശോധിച്ച് കണ്ടെത്തേണ്ടതാണെന്നും കോടിയേരി പറഞ്ഞു.
ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത് പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല. ഇത്തരത്തിലുള്ള വിഷയങ്ങളിൽ കുറ്റാരോപിതനായ വ്യക്തിയെ സഹായിക്കുകയെന്നതല്ല പാർട്ടി അംഗങ്ങൾ സ്വീകരിക്കേണ്ട നടപടിക്രമം. അതേസമീപനമാണ് തന്റെ മകന്റെ പേരിലായാലും ഒരു പാർട്ടി അംഗമെന്നനിലയിൽ താൻ സ്വീകരിക്കുക. മറ്റു കാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കട്ടെ. അതിൽ ഇടപെടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
പാർട്ടിയിൽനിന്ന് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചുവെന്ന് കേട്ടല്ലോ?
അത് നിങ്ങളിൽ ചിലരുടെ ഉദ്ദേശ്യമാണ്. തത്കാലം അത് കൈയിൽവെച്ചാൽമതി. അതുസംബന്ധിച്ച് വരുന്ന വാർത്തകൾ, ഇക്കാര്യത്തിലുള്ള ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കുന്നതാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്, വ്യക്തിപരമായി ഞാനല്ല. മറ്റു പാർട്ടികളിൽനിന്ന് വ്യത്യസ്തമായ പാർട്ടിയാണിത്. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പാർട്ടിതന്നെ ആവശ്യമായ നടപടിയെടുക്കും. അതാണ് നടപടിക്രമം. നിങ്ങളുണ്ടാക്കുന്ന മാധ്യമവാർത്തകൾക്കു പിറകെപ്പോകാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല.
ബിനോയിക്കെതിരേ നേരത്തേയും ആരോപണം ഉണ്ടായതാണല്ലോ?
മക്കൾ ചെയ്യുന്ന എല്ലാ കാര്യത്തിന്റെയും ഉത്തരവാദിത്വം എനിക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് മുന്പ് ആരോപണമുണ്ടായ ഘട്ടത്തിൽത്തന്നെ വ്യക്തമാക്കിയതാണ്. മകൻ വിദേശത്തുപോകുമ്പോൾ അതിന്റെ പിന്നാലെ ഒരു രക്ഷിതാവിനു പോകാൻ സാധിക്കുമോ? അങ്ങനെയുള്ള രീതിയിൽ ഇടപെടാൻ ഏതു രക്ഷിതാവിനാണ് സാധിക്കുക. അവൻ പ്രത്യേക കുടുംബമായി താമസിക്കുകയാണ്. അവർ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവർതന്നെ ഏറ്റെടുക്കണം. സംരക്ഷണം കിട്ടുമെന്ന് കരുതി ആരും തെറ്റുചെയ്യാൻ പുറപ്പെടേണ്ട. അത് പാർട്ടി അംഗങ്ങളായിട്ടുള്ളവർക്കും കുടുംബാംഗങ്ങൾക്കും ബാധകമായ കാര്യമാണ്.
Content Highlights: Kodiyeri, Binoy kodiyeri