തിരുവനന്തപുരം: സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആര്‍.എസ്.എസും ബി.ജെ.പി.യും വ്യാമോഹിക്കേണ്ടെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോഴിക്കോട്ട് സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസ് ആക്രമിച്ച് ജില്ലാസെക്രട്ടറി പി. മോഹനനെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമവും ഡല്‍ഹിയില്‍ സി.പി.എം. ആസ്ഥാനത്ത് ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരേ നടന്ന അതിക്രമവും ആസൂത്രിതമാണ്.

ജില്ലാകമ്മിറ്റി ഓഫീസിലേക്ക് പി. മോഹനന്‍ വരുന്ന സമയംനോക്കി ആസൂത്രണം ചെയ്തതാണ് കോഴിക്കോട്ടെ അക്രമം. സി.പി.എം. നേതാക്കളെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് യെച്ചൂരിക്കെതിരായ അക്രമമെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ വന്നുപോയശേഷം ബി.ജെ.പി.യുടെ അക്രമം ശക്തമായിട്ടുണ്ട്. അമിത്ഷായുടെ പ്രസംഗം അക്രമങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. സി.പി.എം. കേന്ദ്രങ്ങളില്‍ അക്രമം നടത്തുമ്പോള്‍ സ്വാഭാവികമായും ചെറുത്തുനില്‍പ്പുണ്ടാകും. അതുവഴി കേരളത്തെ കലാപഭൂമിയാക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. ഇത് മനസ്സിലാക്കി സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പി.യുടെ പ്രകോപനങ്ങളില്‍ വീഴരുതെന്നും കോടിയേരി പറഞ്ഞു.

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ മൊഴിയുടെ പശ്ചാത്തലത്തില്‍ യഥാര്‍ഥപ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സ.ബി.ഐ. ദുരഭിമാനം വെടിഞ്ഞ് ശ്രമം നടത്തണം. മറിച്ചുള്ള സമീപനം സി.ബി.ഐ. സ്വീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയ്‌ക്കെതിരാണെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരത്തെ ബി.ജെ.പി. ഓഫീസിനുനേരേ നടന്ന അതിക്രമം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തണം. രാത്രി 8.30-ന് അക്രമം നടന്നതിനു തൊട്ടുപിന്നാലെ ഹര്‍ത്താലിന് ആഹ്വാനമുണ്ടായി. എത്ര ആസൂത്രിതമായാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. ക്രൈസ്തവ പുരോഹിതരും മദ്യത്തിനെതിരാണ്. എന്നാല്‍ മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയമെന്നും കോടിയേരി പറഞ്ഞു.