കൊച്ചി: സി.പി.എമ്മിന്റെ രാഷ്ട്രീയ അജൻഡയാണ് കൊടകര കവർച്ചക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടപ്പാക്കുന്നതെന്ന് ആർ.എസ്.എസ്. ആരോപിച്ചു.

ആർ.എസ്.എസിനെ തകർക്കാൻ പോലീസിനെ സി.പി.എം. രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. കവർച്ചയ്ക്കുപിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനു പകരം സംഭവവുമായി ബന്ധമില്ലാത്തവരെ മനപ്പൂർവം അപകീർത്തിപ്പെടുത്താനാണ് ശ്രമം. ആർ.എസ്.എസിനെ ബന്ധപ്പെടുത്തി വാർത്തകൾ ചമയ്ക്കാൻ കേസന്വേഷണത്തിന്റെ തുടക്കംമുതൽ ശ്രമം നടന്നു.

അന്വേഷണസംഘത്തെ ഉദ്ധരിച്ചാണ് തെറ്റായ ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്. ആർ.എസ്.എസിന്റെ ആദർശശുദ്ധിയിലും സുതാര്യവും സത്യസന്ധവുമായ പ്രവർത്തനശൈലിയിലും വിശ്വാസമുള്ള പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താനുള്ള ആസൂത്രിത ഗൂഢപദ്ധതിയാണ് ഇതിനുപിന്നിൽ.

കൊടകര സംഭവവുമായി ആർ.എസ്.എസിനു ബന്ധമില്ല. കേസന്വേഷണത്തിന്റെ മറവിൽ ആർ.എസ്.എസിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം പോലീസ് അവസാനിപ്പിക്കണം. സത്യസന്ധമായ അന്വേഷണം നടക്കണമെന്നും ആർ.എസ്.എസ്. പ്രാന്ത കാര്യകാരി ആവശ്യപ്പെട്ടു.