കൊച്ചി: പ്രത്യേക കുർബാനകൾക്ക് തനിക്ക് പണം വേണ്ടെന്ന വൈദികന്റെ വാക്കുകൾ വൈറലായതിനു പിന്നാലെ ഇതിനെ എതിർത്ത് വാട്‌സാപ്പിൽ വോയ്‌സ് ക്ലിപ്പിട്ട വൈദികന് സ്ഥലംമാറ്റം.

കടവന്ത്ര സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ പുതുതായി ചുമതലയേറ്റ ഫാ. ബെന്നി മാരാംപറമ്പിലാണ് കുർബാന ചൊല്ലിക്കേണ്ടവർ ഡയറിയിൽ പേരെഴുതിയാൽ മതിയെന്നും തനിക്ക് പണം തരേണ്ടെന്നും വിശ്വാസികളോട് പ്രഖ്യാപിച്ചത്. പണം നൽകണമെന്ന് നിർബന്ധമുള്ളവർ അത് നേർച്ചപ്പെട്ടിയിൽ ഇടുകയോ പാവങ്ങൾക്ക് നൽകുകയോ ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ പണമിടപാടുകളിലൊന്നും ഇടപെടില്ലെന്നും അത് കൈക്കാരൻമാർ കൈകാര്യം ചെയ്താൽ മതിയെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വാസികളിലാരോ ഫെയ്‌സ്ബുക്കിലിട്ട ഈ പ്രസംഗത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഫാ. ബെന്നിയുടെ നിലപാടിനെ വിമർശിച്ച് ഒ.സി.ഡി. (ഡിസ്‌കാൽസ്ഡ് കാർമലൈറ്റ്‌സ് ഓർഡർ) വൈദികനായ ഫാ. തോമസ് മണിയൻകേരിക്കളം രംഗത്തുവന്നത്. ഫാ. ബെന്നിയുമായി അദ്ദേഹം നടത്തിയ ഫോൺ സംഭാഷണം അദ്ദേഹംതന്നെ വാട്‌സാപ്പിൽ ഇടുകയും ചെയ്തു. ഇതും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിനു പിന്നാലെ ഫാ. തോമസിനെ എറണാകുളം കണ്ണംകുളത്ത് പള്ളി ആശ്രമത്തിൽനിന്ന് റാഞ്ചിയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങി.

പ്രത്യേക ആവശ്യങ്ങൾക്കുള്ള കുർബാനകൾക്ക് (കുർബാന നിയോഗം) 100 രൂപ വീതം വൈദികർ വാങ്ങാറുണ്ട്. ഒരു ദിവസം എത്ര കുർബാനയുണ്ടെങ്കിലും ഒരെണ്ണത്തിന്റെ പണമെ വൈദികർക്ക് എടുക്കാൻ കഴിയൂ. ബാക്കി രൂപതയ്ക്ക് നൽകണം. മാസം 30 കുർബാനകളുടെ പണം (3,000 രൂപ) വൈദികർക്ക് കിട്ടും. ബാക്കി എത്രയായാലും രൂപതയ്ക്കാണ്. ഈ പണം വേണ്ടെന്നാണ് ഫാ. ബെന്നി മാരാംപറമ്പിൽ പറഞ്ഞത്. കുർബാന നിയോഗങ്ങൾ കുറവായ പള്ളികളിലെ വൈദികർക്ക് രൂപതയിൽനിന്നാണ് പണം നൽകുന്നത്. വൈദികരുടെ അലവൻസിൽ രൂപതകൾ തോറും ചെറിയ വ്യത്യാസങ്ങളുണ്ട്. 11,000 രൂപയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിഫലം. ഇതിനൊപ്പം കുർബാന നിയോഗത്തിലൂടെ 3,000 രൂപ കൂടി കിട്ടും.

ഫാ. ബെന്നി മാരാംപറമ്പിൽ കാനോനിക നിയമങ്ങൾ ലംഘിച്ചെന്നാണ് ഫാ. തോമസ് ആരോപിച്ചത്. ആവേശത്തിന്റെ പുറത്ത് ഇങ്ങനെ ചെയ്യരുതെന്നും മണ്ടത്തരം പറയരുതെന്നും അദ്ദേഹം ഫാ. ബെന്നിയോട് ആവശ്യപ്പെടുന്നുണ്ട്. ഫോൺ സംഭാഷണം തീർന്നപാടെ ഇദ്ദേഹമത് വാട്‌സാപ്പിൽ ഇടുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികളും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തിറങ്ങി. താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഫാ. തോമസ് ’മാതൃഭൂമി’യോടു പറഞ്ഞു. വിവാദമായതിൽ ഖേദമുണ്ട്. സംഭാഷണം വാട്‌സാപ്പിൽ ഇട്ടത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:  priest got transfer