കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കാറപകടത്തില്‍ മരിച്ച കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്കിനായുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാം ദിവസം കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് കണ്ണങ്ങാട്ട് പാലത്തിനു താഴെ കായലില്‍ തിരച്ചില്‍ നടത്തിയത്. വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഡി.ജെ. പാര്‍ട്ടി നടന്ന ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്ന ഹാര്‍ഡ് ഡിസ്കാണ് തിരയുന്നത്.

മത്സ്യബന്ധനത്തിനിടെ തിങ്കളാഴ്ച ഹാര്‍ഡ് ഡിസ്ക് വലയില്‍ കുടുങ്ങിയെന്നും ഇത് കായലില്‍ത്തന്നെ ഉപേക്ഷിച്ചെന്നുമുള്ള വിവരത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ബുധനാഴ്ച തിരച്ചില്‍ നടത്തി. ഹാര്‍ഡ് ഡിസ്കിന്റെ ചിത്രം മത്സ്യത്തൊഴിലാളിയെ കാണിച്ച് ഇതുതന്നെയാണ് വലയില്‍ കുടുങ്ങിയതെന്ന് പോലീസ് ഉറപ്പുവരുത്തി.

ചെളിയില്‍നിന്ന്‌ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാൻ പറ്റുന്ന വല ഉപയോഗിച്ചായിരുന്നു തിരച്ചില്‍. എസ്.ഐ.മാരായ എസ്.എ. ഷാജി, ഗില്‍ബര്‍ട്ട് റാഫേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കടലോര ജാഗ്രതാ സമിതിയിലെ മത്സ്യത്തൊഴിലാളികളാണ് തിരച്ചിലിനിറങ്ങിയത്.

സൈജുവിനും റോയിക്കും നോട്ടീസ് നല്‍കി

മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനും ഹോട്ടലുടമ റോയി ജെ. വയലാട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി. സൈജു വീട്ടിലില്ലാത്തതിനാല്‍ സഹോദരനാണ് നോട്ടീസ് നല്‍കിയത്.

കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം

കേസില്‍ കാര്‍ കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം. കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് നശിപ്പിക്കാന്‍ കൊണ്ടുപോയ ഇന്നോവ കാര്‍ അന്വേഷണ സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനം സംഭവ ദിവസം എവിടെയെല്ലാം സഞ്ചരിച്ചിട്ടുണ്ട് എന്ന് അന്വേഷിക്കും. മറ്റെവിടെയെങ്കിലുമാണോ ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ചതെന്ന് കണ്ടെത്തുന്നതിനാണിത്.

ഹാര്‍ഡ് ഡിസ്ക് കായലില്‍നിന്ന് മത്സ്യത്തൊഴിലാളിക്ക് കിട്ടിയെന്നു പറയുന്നത് മനപ്പൂർവം കെട്ടിച്ചമച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഹാര്‍ഡ് ഡിസ്ക് മത്സ്യത്തൊഴിലാളി കണ്ടെത്തി എന്ന വിവരം പുറത്തുവിട്ടത്.