കൊച്ചി: സർവീസ് തുടങ്ങി രണ്ടാം വർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ കൂടുതൽ ‘ജനപ്രിയ’മാകാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). കൂടുതൽ േപരെ മെട്രോയിലേക്ക് ആകർഷിക്കാനുള്ള വഴികൾ കണ്ടെത്താൻ ഏജൻസിയെ ചുമതലപ്പെടുത്താൻ ഒരുങ്ങുകയാണ്.

ആലുവ മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോ റൂട്ടിലെ യാത്രാ രീതികളാണ് ഈ ഏജൻസി പഠിക്കുക. മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഘടകം, പോരായ്മകൾ എന്നിവയെല്ലാം യാത്രക്കാരിൽനിന്നുതന്നെ കണ്ടെത്തും. ഇതിനായി സർവേ നടത്തും.

നിലവിലെ യാത്രക്കാരുടെ എണ്ണമുൾപ്പെടെയുള്ള വിവരങ്ങൾ ഏജൻസിക്ക്‌ കെ.എം.ആർ.എൽ. കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ സർവേയിലെ വിവരങ്ങൾ അപഗ്രഥിക്കും. യാത്രക്കാരെ ആകർഷിക്കാനുതകുന്ന തരത്തിൽ മാറ്റങ്ങൾ നിർദേശിക്കും. യാത്രക്കാരുടെ എണ്ണം കൂട്ടുന്നതിലൂടെ വരുമാന വർധനയാണ് ഉദ്ദേശിക്കുന്നത്. ഒരു മാസത്തിനകം സർവേ പൂർത്തിയാക്കണമെന്നാണ് ഏജൻസിക്ക്‌ നൽകിയിരിക്കുന്ന നിർദേശം. ട്രെയിനിനകത്തും പുറത്തുമെല്ലാം യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ആവശ്യമുണ്ടോയെന്നും സർവേയിലൂടെ കണ്ടെത്തും.

വരുമാന വർധന ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ കൊച്ചി മെട്രോ ആസൂത്രണം ചെയ്യുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിൽനിന്ന് സമീപപ്രദേശങ്ങളിലേക്കുള്ള ഫീഡർ സർവീസുകൾ മെച്ചപ്പെടുത്തൽ ഇതിലൊരു നിർദേശമാണ്. ഫീഡർ സർവീസ് കാര്യക്ഷമമായാൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

മെട്രോയുടെ ഉദ്ഘാടനം മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ ടിക്കറ്റിലൂടെ മെട്രോയ്ക്ക് ലഭിച്ചത് 55.9 കോടി രൂപയാണ്. കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്തുള്ള യാത്ര മുതൽ കൊച്ചി വൺ കാർഡ് വരെ ഉൾപ്പെടുന്നുണ്ട് ടിക്കറ്റ് വരുമാനത്തിൽ.

Content Highlights: Kochi Metro