കൊച്ചി: മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സുരക്ഷാപരിശോധനയ്ക്ക് തുടക്കമായി. മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണര്‍ കെ.എം. മനോഹരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

തിങ്കളാഴ്ച രാവിലെ 9.30 ന് പരിശോധനകള്‍ക്ക് തുടക്കമായി. മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറെയും സംഘത്തെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സ്വീകരിച്ചു.

വൈകീട്ട് നാലു മണിയോടെയാണ് ആദ്യ സ്റ്റേഷനിലെ പരിശോധന കഴിഞ്ഞത്. സ്റ്റേഡിയം മുതല്‍ എം.ജി. റോഡ് വരെ പാളത്തിലൂടെ ട്രോളിയില്‍ യാത്ര ചെയ്തു. സ്റ്റേഷനുകളിലെ സുരക്ഷാ സജ്ജീകരണങ്ങളും സാങ്കേതിക ക്രമീകരണങ്ങളും അദ്ദേഹം പരിശോധിച്ചു. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുടെ വിലയിരുത്തലുമുണ്ടായി.

കെ.എം.ആര്‍.എല്‍. ഡയറക്ടര്‍മാരായ പ്രവീണ്‍ ഗോയല്‍, ടി. അര്‍ജുനന്‍, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.)  ജക്ട് ഡയറക്ടര്‍ ഡാനി തോമസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് എം.ജി. റോഡില്‍നിന്ന് പരിശോധനകള്‍ക്ക് തുടക്കമാകും. മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ തുടരും. ഇതിനുശേഷം ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററും അദ്ദേഹം സന്ദര്‍ശിക്കും.