കൊച്ചി: കൊല്ലം പരവൂരില്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്ന് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്​പ്‌ളോസീവ്‌സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
വെടിക്കെട്ട് സാമഗ്രികള്‍ ശേഖരിച്ചുവെയ്ക്കാന്‍ ലൈസന്‍സ് നല്‍കിയിരുന്നില്ല. വെടിക്കെട്ടിനുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും എറണാകുളത്തെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്​പ്‌ളോസീവ്‌സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

വെടിക്കെട്ടപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ വേണമെന്നു കാണിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും കഴിഞ്ഞ മാര്‍ച്ച് 31ന് കത്ത് നല്‍കിയിരുന്നു. അംഗീകൃത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് അനുവദനീയമായ ശബ്ദപരിധിയിലാണ് വെടിക്കെട്ടുകള്‍ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്ന് ഇതില്‍ വ്യക്തമാക്കിയിരുന്നു.

നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ:
* വെടിക്കെട്ട് നടത്തുന്നതിനു മുമ്പ് ശബ്ദ തീവ്രത അളക്കാന്‍ സാമ്പിള്‍ ടെസ്റ്റ് നടത്തണം.
* അനുവദനീയമായ ശബ്ദപരിധിയിലുള്ള വെടിക്കെട്ട് മാത്രമേ അനുവദിക്കാവൂ.
* വെടിക്കെട്ട് നടക്കുന്ന സ്ഥലവും കാണികള്‍ നില്‍ക്കുന്ന സ്ഥലവും തമ്മില്‍ കുറഞ്ഞത് നൂറു മീറ്റര്‍ അകലമെങ്കിലും വേണം.
* പരിചയ സമ്പന്നരായ വിദഗ്ദ്ധരാണ് വെടിക്കെട്ട് നടത്തുന്നതെന്ന് ഉറപ്പാക്കണം.

2008-ലെ എക്‌സ്​പ്‌ളോസീവ് ചട്ടത്തിലെ ഏഴു വ്യവസ്ഥകളാണ് വെടിക്കെട്ട് നടത്താന്‍ ലംഘിച്ചതെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. അവ ഇങ്ങനെ:
1. വെടിക്കെട്ടിന് ആവശ്യമായ എല്‍.ഇ. 6 ലൈസന്‍സോ വെടിക്കെട്ട് സാമഗ്രികള്‍ ശേഖരിക്കാനുള്ള എല്‍.ഇ. 3 ലൈസന്‍സോ ജില്ലാ മജിസ്‌ട്രേട്ടില്‍ നിന്ന് എടുത്തിരുന്നില്ല.
2. വെടിക്കെട്ടിന് സാമഗ്രികള്‍ ശേഖരിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ലംഘിച്ചു.
3. ചീഫ് കണ്‍ട്രോളറുടെ അംഗീകാരത്തോടു കൂടിയുള്ള വെടിക്കെട്ടല്ല പരവൂരില്‍ നടന്നത്.
4. അപകടമുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളൊന്നും പാലിച്ചില്ല.
5. സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ വെടിക്കെട്ട് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു.
6. വെടിക്കെട്ട് നടത്തുന്ന സ്ഥലവും കാണികള്‍ നില്‍ക്കുന്ന സ്ഥലവും തമ്മില്‍ കുറഞ്ഞത് നൂറു മീറ്ററെങ്കിലും ദൂരം വേണമെന്നത് ഉള്‍പ്പെടെയുള്ള ലൈസന്‍സ് വ്യവസ്ഥകളും പാലിച്ചില്ല.
7. നിരോധിക്കപ്പെട്ട സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം പാലിച്ചില്ല.
8. മതിയായ അഗ്നിശമനോപാധികള്‍ തയ്യാറാക്കണമെന്ന നിര്‍ദേശവും അവഗണിച്ചു.
9. വെടിക്കെട്ടുപുരയിലെ ജോലിക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നതും പാലിക്കപ്പെട്ടില്ല.
?