കൊച്ചി: പുതു-ചെറുകിട സംരംഭങ്ങള്‍ക്കും പൊതുവില്‍ കേരളത്തിനും ഉണര്‍വാകും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി. സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനും ഇത് ഏറെ പ്രയോജനപ്പെടുത്താം.ഇന്ത്യയൊട്ടാകെ തുടങ്ങുന്ന 18 ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ മൂന്നെണ്ണം കേരളത്തിലാണെന്നതില്‍ ഒതുങ്ങുന്നില്ല ഈ നേട്ടം. കേരളം കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പദ്ധതി സഹായകമാകുമെന്ന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. ജയശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

'വിദ്യാര്‍ത്ഥി സംരംഭകത്വ നയം ഉള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകള്‍ കേരളത്തിന് അവകാശപ്പെടാം. സര്‍ക്കാരിന്റെ പിന്തുണയോടെ സംയോജിത വികസനമാണ് കേരളം കൈവരിച്ചത്. എന്നാല്‍ കേരളം ഇനിയും ഉയരേണ്ടതുണ്ട്. ഐ.ടി. കേന്ദ്രമെന്ന നിലയില്‍ ബെംഗ്ലൂരു ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി. കേരളത്തിനും ഇത് സാധ്യമാകണം' - അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാര്‍ട്ട് അപ്പ്് മിഷന്റെ നേതൃത്വത്തില്‍ കളമശ്ശേരിയില്‍ കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിന് പദ്ധതിയുണ്ട്. സോഫ്‌റ്റ്വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.), ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ബോര്‍ഡ് എന്നിവയുമായി ചേര്‍ന്നാണിത്. നിലവിലെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ഇതിന് ഗുണകരമാകും.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ ചുവടുപിടിച്ച് സംരംഭകത്വ വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുങ്ങുന്നതെന്ന് ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് സെക്രട്ടറി അനൂപ് പി. അംബിക പറഞ്ഞു. ആയുര്‍വേദം, സുഗന്ധവ്യഞ്ജനം, വിനോദസഞ്ചാരം, ആരോഗ്യം എന്നീ മേഖലകളില്‍ കേരളത്തിന് മികവ് തെളിയിക്കാനാകും. ഇങ്ങനെ വിവിധ മേഖലകളില്‍ ഹബ്ബ് രൂപവത്കരിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിക്കും.
സാധനസാമഗ്രികള്‍ വാങ്ങുന്നതിനുള്ള പബ്ലിക് പ്രൊക്യുര്‍മെന്റ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത് സ്വാഗതാര്‍ഹമാണ്. ചെറുകിട സംരംഭകര്‍ക്ക് ഇത് ഗുണകരമാകും. ഇതിനാവശ്യമായ പിന്തുണ സംസ്ഥാന സര്‍ക്കാര്‍ കൂടി നല്‍കണം.
തുടങ്ങിയ സ്ഥാപനം അടച്ചുപൂട്ടുന്നത് സംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. നൂറ് കമ്പനി തുടങ്ങിയാല്‍ പത്തെണ്ണം മാത്രമാണ് രണ്ടോ മൂന്നോ വര്‍ഷം നിലനില്‍ക്കുക. ദീര്‍ഘകാല വിജയം ഒരെണ്ണത്തിന് മാത്രം അവകാശപ്പെടാവുന്നതാണ്. നഷ്ടത്തിലായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ പുതിയ പദ്ധതി വഴി സംരംഭകര്‍ക്ക് സഹായം കിട്ടും. നഷ്ടത്തിലായവ പൂട്ടി പുതിയവ തുടങ്ങാം.

വര്‍ഷം 500 കോടി രൂപയുടെ വായ്പാ സഹായത്തിനുള്ള ദേശീയ ക്രെഡിറ്റ് ഗാരണ്ടി ട്രസ്റ്റ് ഗുണകരമാണ്. തൊഴില്‍ നിയമങ്ങളില്‍ നിന്നും നികുതിയില്‍ നിന്നും ഒഴിവാക്കിയതും പ്രചോദനം നല്‍കും. ആദ്യത്തെ മൂന്ന് വര്‍ഷം ഉദ്യോഗസ്ഥ പരിശോധന ഉണ്ടാകില്ല. എന്നാല്‍, പ്രവര്‍ത്തനം സുതാര്യമാണെന്ന് ഉറപ്പിക്കുമെന്നും അനൂപ് പറഞ്ഞു.