African snailകൊച്ചി: ആഫ്രിക്കന്‍ ഒച്ച് ഭക്ഷണ യോഗ്യമാണോ എന്ന പഠനം നടക്കുന്നതേ ഉള്ളൂ എന്ന് എറണാകുളം കൃഷിവിജ്ഞാന്‍ കേന്ദ്ര മേധാവി സിനോജ് സുബ്രഹ്മണ്യന്‍. ആഫ്രിക്കന്‍ ഒച്ചിനെ ഭക്ഷിക്കാമെന്നും സംസ്‌കരിച്ച് കയറ്റി അയയ്ക്കാം എന്നുമുള്ള നിരീക്ഷണങ്ങളോടും വാര്‍ത്തകളോടും പ്രതികരിക്കുകയായിരുന്നു കൃഷി വിജ്ഞാന കേന്ദ്രം മേധാവി. പല അഭിപ്രായങ്ങളില്‍ ഒന്നുമാത്രമാണ് ആഫ്രിക്കന്‍ ഒച്ചിനെ ഭക്ഷ്യയോഗ്യമാക്കാം എന്നുള്ളത്. ഇതില്‍ തുടര്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.

എന്‍.എഫ്.ഡി.സി. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുഗുണന്‍ ആണ് ഭക്ഷണമാക്കാം എന്ന നിര്‍ദേശം െവച്ചത്. 1980-കളില്‍ സെന്‍ട്രല്‍ ഇന്‍ലാന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആഫ്രിക്കന്‍ ഒച്ച് ഭക്ഷ്യയോഗ്യമാണോ എന്ന് പഠിച്ചിരുന്നു. കൂടിയ ചൂടില്‍ അണുക്കളെ കൊന്നൊടുക്കാവുന്ന രീതിയില്‍ പാകം ചെയ്തു കഴിഞ്ഞാല്‍ ആഫ്രിക്കന്‍ ഒച്ചുകളെയും ഭക്ഷിക്കാം എന്നാണ് ആ പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇനിയും പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.

ഇതിനായി നടത്തിയ സെമിനാറില്‍, കുഫോസില്‍ നിന്നെത്തിയ സംഘം ആഫ്രിക്കന്‍ ഒച്ചിനെ കൊണ്ട് ഉണ്ടാക്കിയ ജൈവ വളവും താറാവിനുള്ള തീറ്റയുടെ സാമ്പിളുകളും കൊണ്ടുവന്നിരുന്നു.
ആഫ്രിക്കന്‍ ഒച്ച് ഭക്ഷ്യയോഗ്യമല്ലെന്നാണ് കേരള വന ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി.വി. സജീവ് അഭിപ്രായപ്പെട്ടത്. കാര്‍ഷിക വിളകള്‍ക്കും മനുഷ്യ വാസത്തിനും തീര്‍ത്തും ഉപദ്രവകാരിയാണ് ആഫ്രിക്കന്‍ ഒച്ചുകളെന്ന് ഏഷ്യ-പസഫിക് ഫോറസ്റ്റ് ഇന്‍വെസിവ് സ്​പീഷിസ് നെറ്റ്വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഡോ. ടി.വി. സജീവ് പറഞ്ഞു.
 
ഇതിന്റെ ശരീരത്തിലുള്ള ഒരു നിമാവിര മനുഷ്യരില്‍ രോഗം ഉണ്ടാക്കും. അതുകൊണ്ട് ഇതിനെ കൈ കൊണ്ട് സ്​പര്‍ശിക്കാതിരിക്കാന്‍ പോലും ശ്രദ്ധിക്കണമെന്നിരിക്കെയാണ് ഇതിനെ തിന്നാമെന്ന് പത്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം തടയുന്നതിനായി പലവിധ പ്രവര്‍ത്തനങ്ങളാണ് കെ.എഫ്.ആര്‍.ഐ. നടത്തുന്നത്. കുടുംബശ്രീയും ആശാ വര്‍ക്കര്‍മാരുമായി വലിയൊരു സന്നാഹം തന്നെ ആഫ്രിക്കന്‍ ഒച്ചിനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട് - ഡോ. സജീവ് പറഞ്ഞു.