കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി. പ്രതിയെ ചൊവ്വാഴ്ച രാവിലെ 11 ന് കോടതിയില്‍ ഹാജരാക്കാന്‍ പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് വി. മഞ്ജു ഉത്തരവിട്ടു.
കുറുപ്പംപടി കോടതിയുടെ കൂടി ചുമതലയുള്ള പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കുറുപ്പംപടി കോടതിയില്‍ പ്രതിയെ ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പ്രതിയെ ഹാജരാക്കുന്നത് ചിലപ്പോള്‍ പെരുമ്പാവൂരാകാനും സാധ്യതയുണ്ട്.

പ്രതിയെ വെള്ളിയാഴ്ച പെരുമ്പാവൂരിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. അതുകൊണ്ട് ഇപ്പോള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

തിരിച്ചറിയല്‍ പരേഡില്‍ പ്രധാന സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്.അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാന്‍ഡ് ചെയ്യുന്ന പ്രതിയെ ആദ്യ 14 ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വാങ്ങാവുന്നത്. അത് കഴിഞ്ഞാല്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ നല്‍കില്ല. ഈ സാഹചര്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന പ്രതിയോടൊത്ത് തെളിവ് ശേഖരിക്കലാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. പെരുമ്പാവൂരിലെ തെളിവെടുപ്പിനു ശേഷം അസം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പോലീസിന് പ്രതിയുമൊത്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

പെരുമ്പാവൂരിലെ തെളിവെടുപ്പിലെ സുരക്ഷാ പ്രശ്‌നങ്ങളിലും പോലീസിന് ആശങ്കകളുണ്ട്. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയാകും പോലീസ് പെരുമ്പാവൂരിവും പരിസര പ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തുന്നത്.