കൊച്ചി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. 42 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചതില്‍ 28-ാം പ്രതി ജിഞ്ചുവിനും 29-ാം പ്രതി സലിമിനും മാത്രമാണ് വെള്ളിയാഴ്ച ജാമ്യം നല്‍കിയത്. 25,000 രൂപയും രണ്ടാള്‍ ജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
 
അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് പി. ഉബൈദ് മറ്റ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. കാര്യക്ഷമമായി അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് പ്രതികള്‍ കസ്റ്റഡിയില്‍ തുടരേണ്ടത് ആവശ്യമാണ്. അന്വേഷണത്തിന്റെ മുഖ്യഭാഗം കഴിയുന്നതുവരെ പ്രതികളെ പുറത്തുവിടുന്നത് ചിന്തിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ രണ്ട് പ്രതികള്‍ക്ക് ഒഴികെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നില്ല.
 
വെടിക്കെട്ട് ദുരന്തത്തിന് കാരണക്കാരല്ലാത്തതിനാലാണ് രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത്. ദുരന്തവുമായി അവര്‍ക്ക് നേരിട്ടോ അല്ലാതെയോ പങ്കില്ല. അവര്‍ കരാറുകാര്‍ക്ക് ചില സാധനങ്ങള്‍ വില്‍ക്കുക മാത്രമാണ് ചെയ്തത്. ഒന്ന്, രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വില്പന. പൊട്ടാസ്യം ക്ലോറൈറ്റ് വിറ്റതായി കാണുന്നില്ല. കൂട്ടുപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. 29-ാം പ്രതി സലിമിനു വേണ്ടി അഡ്വ. പി. വിജയഭാനു ഹാജരായി.