കൊച്ചി: കടല്‍പ്പായലുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സംയുക്തങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) പ്രമേഹത്തിനെതിരെയുള്ള പോഷകൗഷധം (ന്യൂട്രാസ്യൂട്ടിക്കല്‍) രൂപകല്പന ചെയ്തു. 'കടല്‍മിന്‍ എ.ഡി.ഇ' (cadalmin ADe) എന്ന ഈ പോഷകൗഷധത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചു. സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍, ഹൈദരാബാദിലെ സെലസ്റ്റിയല്‍ ബയോ ലാബുമായാണ് കരാര്‍ ഒപ്പിട്ടത്.

കടല്‍മീനിലുള്ള ഘടകങ്ങള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടയുന്ന എന്‍സൈമുകളേയും മറ്റു സംയുക്തങ്ങളേയും നിര്‍വീര്യമാക്കുന്നതിനാല്‍ ടൈപ്പ് രണ്ട് പ്രമേഹരോഗത്തിന് വളരെ ഫലപ്രദമാണെന്ന് സി.എം.എഫ്.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. 500 മില്ലിഗ്രാം കാപ്‌സ്യൂളുകളായാണ് ഇത് പുറത്തിറക്കുക. മരുന്നും പോഷാകാഹാരവും ചേര്‍ന്നതാണിത്. തുടര്‍ച്ചയായി കഴിച്ചാല്‍ നിലവില്‍ പ്രമേഹത്തിന് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ അളവ് ഡോക്ടറുടെ സഹായത്തോടെ ഗണ്യമായി കുറയ്ക്കാനാവുമെന്നും അവര്‍ പറയുന്നു. മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നതുള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഈ പോഷകൗഷധം കഴിച്ചാല്‍ ഉണ്ടാവില്ല. പൂര്‍ണമായും സസ്യജന്യവും പ്രകൃതിദത്തവുമാണിത്.

തീരത്തോട് ചേര്‍ന്ന കടലില്‍ കാണുന്ന പ്രത്യേകതരം പായലുകളില്‍ നിന്നാണ് ഇത് നിര്‍മിക്കാനാവശ്യമായ സംയുക്തങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. വേര്‍തിരിച്ചെടുക്കുന്നതിനും നിര്‍മാണ രീതിക്കും ഉല്പന്നത്തിനു തന്നെയും പേറ്റന്റ് സംരക്ഷണത്തിനാവശ്യമായ നടപടികള്‍ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ തീരപ്രദേശങ്ങളില്‍ കാണുന്ന പലതരം കടല്‍പ്പായലുകളും ഇത്തരം ഔഷധഗുണമുള്‍പ്പെടെയുള്ള പ്രത്യേകതകളാല്‍ സമ്പന്നമാണ്.
 
ജൈവകൃഷിക്ക് ആവശ്യമായ വളര്‍ച്ചാ ത്വരകങ്ങള്‍, ജൈവവളക്കൂട്ടുകള്‍ എന്നിവയും വ്യാവസായിക പ്രാധാന്യമുള്ള ഉല്പന്നങ്ങളും കടല്‍പ്പായലുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭാരതത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കടലിലെ പായല്‍സമ്പത്തിന്റെ വ്യാവസായിക സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നത് ദേശീയ നയമാണ്.
 
അതിന്റെ ചുവടുപിടിച്ച് ഇത്തരം ഉല്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സി.എം.എഫ്.ആര്‍.ഐ.യില്‍ നടക്കുന്നുണ്ടെന്ന് ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. തീരദേശത്തോട് ചേര്‍ന്നുള്ള കടലില്‍ പായല്‍കൃഷി ചെയ്യുക എന്ന ആശയവും സി.എം.എഫ്.ആര്‍.ഐ. മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ തമിഴ്‌നാട്ടിലെ മണ്ഡപം പ്രാദേശിക കേന്ദ്രത്തില്‍ സ്വയംസഹായ സംഘങ്ങള്‍ വഴി കടല്‍പ്പായല്‍ പ്രദര്‍ശന ഫാമുകള്‍ സജ്ജീകരിച്ചിട്ടുമുണ്ട്.