കൊച്ചി: ഒടുവിൽ സീറ്റിനായുള്ള ആ പോരാട്ടം തീർന്നു. അവസാനനിമിഷംവരെ പ്രതീക്ഷ കൈവിടാതെ നിന്നെങ്കിലും ഫോട്ടോഫിനിഷിൽ കെ.വി. തോമസിനെ അട്ടിമറിച്ച് ഹൈബി ഈഡൻ എറണാകുളം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി.

കെ.വി. തോമസിന് സംസ്ഥാനനേതൃത്വത്തിൽനിന്നുള്ള എതിർപ്പ് അത്രമാത്രം രൂക്ഷമായിരുന്നു. ഇക്കുറി സീറ്റുകിട്ടില്ലെന്നും വേറെന്തെങ്കിലും പരിഗണിക്കാമെന്നും സംസ്ഥാനനേതൃത്വം പറഞ്ഞെങ്കിലും അദ്ദേഹം പിന്മാറാൻ കൂട്ടാക്കിയിരുന്നില്ല. അവസാനനിമിഷംവരെ സീറ്റിനായി പോരാടി. സോണിയാഗാന്ധിയെയും എ.കെ. ആന്റണിയെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി വിജയസാധ്യത എന്ന ന്യായത്തിലൂന്നിയായിരുന്നു അവകാശവാദം.

ചിലഘട്ടങ്ങളിൽ സീറ്റ് ലഭിച്ചെന്നുവരെ പ്രചാരണങ്ങളുണ്ടായി. മാറ്റം അനിവാര്യമാണെന്നതിൽ നേതൃത്വം ഉറച്ചുനിന്നപ്പോൾ ഹൈക്കമാൻഡിനും അതിനൊപ്പം നിൽക്കേണ്ടിവന്നു. ഇതോടെ തോമസിന്റെ എറണാകുളത്തെ ജൈത്രയാത്രയ്ക്ക് വിരാമമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നറിയിച്ച് മാറിനിന്ന ആളായിരുന്നു ഹൈബി ഈഡൻ. കാറ്റ് അനുകൂലമാണെന്നുകണ്ടപ്പോൾ അദ്ദേഹം അതിനൊപ്പം ഉറച്ചുനിന്നു. എതിർസ്ഥാനാർഥിയായി പി. രാജീവ് എത്തിയതോടെ കോൺഗ്രസും നിലപാടുമാറ്റി.

ഐ ഗ്രൂപ്പാണ് തോമസിനെതിരേ ശക്തമായി ആദ്യം നിലയുറപ്പിച്ചത്. അതിനൊപ്പം എ വിഭാഗവും ചേർന്നു. കഴിഞ്ഞദിവസം രാഹുൽഗാന്ധി കൊച്ചിവിമാനത്താവളത്തിലെത്തിയപ്പോൾ സ്വീകരിക്കാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എറണാകുളത്ത് മാറ്റംവേണ്ടതിനെക്കുറിച്ച് ചർച്ചചെയ്തിരുന്നു.

തിരഞ്ഞെടുപ്പുകൾ പലതും ജയിച്ചുകയറിയതാണെങ്കിലും തോമസ് ഒരിക്കലും ഇത്ര വിയർത്തിട്ടുണ്ടാവില്ല. ഇടയ്ക്ക് ഹൈബി, മാഷിനെ വെട്ടിയെന്ന് മണ്ഡലത്തിൽ പ്രചാരണമുണ്ടായി. വൈകാതെ തോമസ് സ്ഥാനാർഥിയാവുമെന്ന പ്രചാരണം വന്നു. ഒടുവിൽ മാറ്റത്തിനുവേണ്ടിയുള്ള ഇരുഗ്രൂപ്പുകളുടെയും ഒന്നിച്ചുള്ള പിടിയിൽ തോമസിന് അധികംപിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സീറ്റ് നഷ്ടമായതിലുള്ള ദുഃഖം അദ്ദേഹം പരസ്യമായി മാധ്യമങ്ങളോട് വിശദീകരിച്ചു.

Content Highlights: hibi eden mla selected as congress candidate in eranakulam