കൊച്ചി: വ്യാജമരുന്ന് വ്യാപനം തടയാൻ ആവിഷ്‌കരിച്ച ക്യു.ആർ.കോഡ് പദ്ധതി നടപ്പാക്കിത്തുടങ്ങി. ആദ്യപടിയായി 300 ബ്രാൻഡുകളിൽ പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. എന്നാൽ, കുറച്ച് കമ്പനികൾമാത്രമേ ഇതിനുള്ള നടപടി തുടങ്ങിയിട്ടുള്ളൂ. നടത്തിപ്പ് വിലയിരുത്തി പരിഷ്‌കാരം നിർദേശിക്കാൻ ഉപസമിതിയെയും നിയോഗിച്ചു.

പുതിയ ഡ്രഗ്സ് കൺട്രോൾ ജനറലായി ചുമതലയേറ്റ ഡോ. എസ്. ഈശ്വര റെഡ്ഡിയുടെ പ്രധാന പദ്ധതികളിലൊന്നാണിത്. വിപണിയിലെത്തുന്ന മരുന്നുകളുടെ നിലവാരം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ഏറെ സംശയങ്ങളാണുള്ളത്. മരുന്നുകളുടെ ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. ഇത്തരം വിഷയങ്ങളെ മറികടക്കുകയാണ് കോഡ് നടപ്പാക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

വ്യാജന്മാരെ നിയന്ത്രിക്കുന്നതിന് മരുന്നുവിപണിയിൽ ട്രാക്ക് ആൻഡ് ട്രേസ് രീതി നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മൂന്നുവർഷംമുൻപ് ആവശ്യപ്പെട്ടിരുന്നു. ഔഷധനിർമാതാക്കളുടെ ആശങ്കകളെത്തുടർന്നാണ് നടപ്പാക്കൽ വൈകിയത്.

ഡ്രഗ്‌സ് ടെക്‌നിക്കൽ ഉപദേശക ബോർഡ് അനുമതി നൽകിയതോടെയാണ് ആദ്യഘട്ടത്തിൽ 300 ബ്രാൻഡുകളെ തിരഞ്ഞെടുത്തത്. കോഡ് അച്ചടിക്കാൻ വലിയ ചെലവുവരുമെന്നതിനാലാണ് പ്രമുഖകമ്പനികളെമാത്രം ആദ്യഘട്ടത്തിൽ പരിഗണിച്ചത്.

സർക്കാർ നിർദേശം വന്നെങ്കിലും ഉടൻ പദ്ധതി നടപ്പാക്കാൻ മിക്ക കമ്പനികളും തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞദിവസം കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. കോഡ് പതിക്കാൻ സ്ഥലമില്ലാത്ത പ്രശ്നം പരിഹരിക്കാനായി വലിയ കവറിൽ പതിച്ചാൽമതിയെന്നാണ് തീരുമാനം. കൂടുതൽസമയം അനുവദിക്കണമെന്നും ചില കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉന്നയിക്കപ്പെട്ട പ്രായോഗിക പരിമിതികളും പ്രശ്‌നങ്ങളും പഠിച്ച് പരിഹാരം നിർദേശിക്കാനാണ് ഉപസമിതിയുണ്ടാക്കിയത്. നാലുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഔഷധമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളും സമിതിയിലുണ്ടാകും.