കൊച്ചി: വ്യാജരേഖ ചമയ്ക്കൽ കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ അടിയന്തരമായി മാർപാപ്പയെ അറിയിക്കണമെന്ന് വൈദിക സമിതി. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിന്റെ വിശ്വസ്തത നഷ്ടപ്പെടുത്താനുള്ള നീക്കമാണ് ഈ കേസിലൂടെ നടന്നതെന്ന് അടിയന്തരമായി വിളിച്ചുകൂട്ടിയ സമിതി യോഗത്തിൽ വൈദികർ കുറ്റപ്പെടുത്തി.

സംഭവത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുയർന്നു. അതിരൂപതയുടെ വിവാദ സ്ഥലം വില്പന സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാകുകയാണ്. ഇത് വത്തിക്കാനിലേക്ക് അയയ്ക്കും മുമ്പ് അഡ്മിനിസ്‌ട്രേറ്ററുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമിച്ചിരിക്കുന്നത് - വൈദികർ ആരോപിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർ ഈ പരാതിക്ക് പിന്നിലുണ്ട്. കേസ് ഗൂഢാലോചനയുടെ ഫലമാണെന്നത് വ്യക്തമാണെന്നും വൈദികസമിതി അഭിപ്രായപ്പെട്ടു.

മാർ ജേക്കബ് മനത്തോടത്തിനെയും ഫാ. പോൾ തേലക്കാട്ടിനെയും പ്രതിചേർത്തത് കാനോനിക നിയമങ്ങളുടെ ലംഘനമാണ്. പരാതിക്കാരനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം അതിരൂപതയുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും സൽപേര് തകർക്കുകയെന്നതാണ്. കേസുമായി ബന്ധപ്പെട്ട് സിറോ മലബാർ സിനഡിന്റെ മാധ്യമ കമ്മിഷൻ പുറത്തിറക്കിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണ്. എഫ്.ഐ.ആർ. ബന്ധപ്പെട്ടവരുടെ കൈ യിലിരിക്കുമ്പോഴാണ് പ്രതിചേർത്തിട്ടില്ലായെന്ന പത്രക്കുറിപ്പ് ഇറക്കിയത്. അതിനാൽ തന്നെ രേഖകളുടെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണം നടത്തണമെന്ന് വൈദിക സമിതി ആവശ്യപ്പെട്ടു.

സിറോ മലബാർ സഭയുടെ മീഡിയ കമ്മിഷന്റെ പത്രക്കുറിപ്പിനെ ഇവർ പരസ്യമായി വിമർശിക്കുകയും ചെയ്തു. എന്നാൽ പരമാവധി സംയമനത്തോടെ പെരുമാറണമെന്ന് മാർ മനത്തോടത്ത് വൈദികരോട് അഭ്യർത്ഥിച്ചു. ഇനിയും മിണ്ടാതിരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നായിരുന്നു അവരുടെ മറുപടി.

Content Highlights: fake document case, priests  will inform all details to Vatican