കൊച്ചി: ക്യൂനിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്നതരത്തിൽ മദ്യവിൽപ്പനശാലകൾ വാക്ക്-ഇൻ ഷോപ്പുകളാക്കേണ്ട കാലം അതിക്രമിച്ചതായി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും ബിവറേജസ് കോർപ്പറേഷന്റെയും വിശദീകരണം കോടതി തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഹർജി നവംബർ ഒമ്പതിനു പരിഗണിക്കാൻ മാറ്റി. ബിവറേജസ് കോർപ്പറേഷൻ പുതിയ എം.ഡി. ശ്യാം സുന്ദറിനെ കക്ഷിചേർക്കാനും നിർദേശിച്ചു.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് തൃശ്ശൂരിലെ ഒരു സ്ഥാപന ഉടമയാണ് കോടതിയലക്ഷ്യ ഹർജിനൽകിയത്.

10 ബെവ്‌കോ ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിച്ചതായി എക്‌സൈസ് കമ്മിഷണർ റിപ്പോർട്ട് നൽകി. 29 ഔട്ട്‌ലെറ്റുകളിൽ ഓൺലൈൻ ബുക്കിങ്‌ സൗകര്യം ഏർപ്പെടുത്തി. 12 ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി. നാലെണ്ണം എതിർപ്പുകാരണം ഉപേക്ഷിക്കേണ്ടിവന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിലല്ല കാര്യമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. എങ്ങനെ മദ്യവിൽപ്പന നടത്തുന്നുവെന്നതാണ് കാര്യം. വീടിനടുത്തേക്ക് മദ്യവിൽപ്പനശാല വരുന്നത് ആർക്കും താത്‌പര്യമില്ല. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുന്നപോലെയാകും. ഇടുങ്ങിയ മുറികളിൽപ്പോലും മദ്യക്കച്ചവടം നടക്കുകയാണ്. ആയിരങ്ങൾ ചെലവിടാൻ കഴിയുന്നവരാണ് മദ്യം വാങ്ങാൻവരുന്നത്. സംവരണമോ സബ്‌സിഡിയോ ഒന്നും ആവശ്യപ്പെടുന്നില്ല. മറ്റു ഷോപ്പുകളിലെന്നപോലെ കയറിച്ചെന്ന് മദ്യം വാങ്ങി മടങ്ങാൻ കഴിയണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.