കൊച്ചി: മൈനുൽ സർക്കാർ വാതിൽ തുറക്കുമ്പോൾ ഇയ്യാക്കൂബിനെയും കൂട്ടി ഒരു സംഘം ആളുകൾ. പിന്നിൽ ചെറുതും വലുതുമായ തോക്കുകളേന്തിയവർ. ‘‘മുറിക്കകത്തു കയറിയ ഉടൻ ഞാനുടുത്ത മുണ്ടൂരി അവരെന്റെ കൈകൾ പിന്നിൽ ചേർത്തുകെട്ടി. മൊബൈൽ ഫോൺ വാങ്ങി പരിശോധിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കെട്ടഴിച്ചുവിട്ടു.’’ -ഇയ്യാക്കൂബിനൊപ്പം താമസിച്ചിരുന്ന മൈനുൽ സർക്കാർ പറയുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മൈനുലിന് മനസ്സിലാകുംമുമ്പേ എൻ.ഐ.എ.-പോലീസ് സംഘം ഇയാക്കൂബിന്റേതായ എല്ലാം തൂത്തുവാരി കൊണ്ടുപോയി. ഞെട്ടലിൽനിന്ന് മുക്തനാകാതിരുന്നതിനാൽ ശനിയാഴ്ച ജോലിക്കുപോകാതെ പരിസരത്തെ കടയ്ക്കുമുന്നിലിരിക്കുകയാണ് മൈനുൽ.
‘‘പ്രശ്നക്കാരനാണെന്നൊന്നും തോന്നിയിട്ടില്ല. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു.’’ -അയൽവാസിയായ കരിമ്പനയ്ക്കൽ മൊയ്തീൻ ഇയ്യാക്കൂബിനെക്കുറിച്ച് പറയുന്നു.