കൊച്ചി: മലയാളത്തിന് നൂറിൽ തൊണ്ണൂറ്റിയാറു മാർക്ക് കിട്ടിയ കുട്ടികളിൽ പലർക്കും ഗ്രേഡിന്റെ കോളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എ-2. ഫുൾ എ പ്ലസ് ഇല്ലാതെപോയത് ഇതുകൊണ്ടാണ്. മാർക്ക് ടാബുലേഷൻ നടത്തിയവർക്ക് തെറ്റിയതാകാമെന്ന് കരുതാൻവരട്ടെ. ഇതാണ് സി.ബി.എസ്.ഇ.യുടെ പൊസിഷണൽ ഗ്രേഡിങ്. 90 മാർക്കിൽ കൂടുതൽ നേടിയിട്ടും ആ വിഷയത്തിന് എ-വൺ നഷ്ടപ്പെട്ട കുട്ടികൾ ഏറെയാണ് ഇത്തവണത്തെ പത്താംക്ലാസ് ഫലത്തിൽ.
പരീക്ഷാഫല നിർണയത്തിൽ മുൻപുതന്നെ നടപ്പാക്കിയ പൊസിഷണൽ ഗ്രേഡിങ് ഇത്തവണ കൂടുതൽ കർക്കശമാക്കിയതാണ് പ്രശ്‌നമായത്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനുശേഷം ഓരോ വിഷയത്തിന്റെ നിശ്ചിത ശതമാനം കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് ഗ്രേഡുകൾക്ക് കട്ട്-ഓഫ് മാർക്ക് നിശ്ചയിക്കുക.
കഴിഞ്ഞവർഷം പത്താംക്ലാസിൽ മൂന്നിലൊന്ന് കുട്ടികളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. ഇത്തവണ എട്ടിലൊന്നിന്റെ മാനദണ്ഡമാണ് സ്വീകരിക്കുകയെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. കണക്കുകൂട്ടലിൽ മാറ്റംവന്നതോടെ പല വിഷയങ്ങൾക്കും 95 മാർക്ക് കടന്നാൽപ്പോലും അത് എ-വൺ ആകാത്ത സ്ഥിതിവന്നു.
മലയാളത്തിന് ഇത്തവണ എ-വൺ കിട്ടാൻ നിശ്ചയിച്ചിരുന്നത് 97 മാർക്കാണ്. മറ്റ് നാലുവിഷയങ്ങൾക്കും എ-വൺ കിട്ടിയിട്ടും മലയാളത്തിന് 96 മാർക്ക് വാങ്ങിയിട്ടും എല്ലാ വിഷയത്തിനും എ-വൺ എന്ന അംഗീകാരം ലഭിക്കാത്തതിന്റെ സങ്കീർണത കുട്ടികളെ പറഞ്ഞുമനസ്സിലാക്കാൻ ആർക്കും കഴിയുന്നില്ല. മലയാളത്തിന് 93 മാർക്കുകിട്ടിയ കുട്ടിയുടെ ഗ്രേഡായി രേഖപ്പെടുത്തിയിരിക്കുന്നത് ബി-വണ്ണാണ്.
സംസ്ഥാനതലത്തിൽ വിഷയങ്ങൾക്ക് 90 ശതമാനം വാങ്ങുന്നവരെല്ലാം അതിസമർഥരുടെ പട്ടികയിൽപ്പെടുമ്പോൾ തങ്ങൾ കുടുങ്ങിയ സാങ്കേതികപ്രശ്‌നത്തിൽ കുട്ടികളും രക്ഷിതാക്കളും ദുഃഖിതരാണ്. ഈ ഗ്രേഡിങ് രീതിയുടെ ഏറ്റവും വലിയ പരിമിതി സുതാര്യതക്കുറവാണ്. ശരാശരിയും ശതമാനവും കൂട്ടുന്നതിൽ അതിസങ്കീർണമായ രീതികളാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ ഈ പരിഷ്‌കാരം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് രക്ഷാകർത്താക്കൾ.