കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന ഹർജി തള്ളിയതിനെതിരേ നടൻ ദിലീപ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ തീർപ്പാകുംവരെ എറണാകുളം സി.ബി.ഐ. പ്രത്യേകകോടതിയിലെ വിചാരണ നിർത്തിവെക്കണമെന്നും ആവശ്യമുണ്ട്.
അനുബന്ധ അന്തിമറിപ്പോർട്ടിൽ മാത്രമാണ് തന്നെ പ്രതിചേർത്തത്. ശരിയായ അന്വേഷണം നടക്കാത്തതിനാലാണിത്. അന്വേഷണം ശരിയല്ലെങ്കിൽ ഹൈക്കോടതി നിർദേശിക്കുന്ന സ്വതന്ത്രഏജൻസിക്ക് പുതിയതായി അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
2017 ഫെബ്രുവരി 18-ന് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ച് ഏഴുമാസം കഴിഞ്ഞാണ് അനുബന്ധ റിപ്പോർട്ട് നൽകിയത്. പുതിയ അന്വേഷണസംഘം ദുരുദ്ദേശ്യത്തോടെയാണ് തന്റെ പേര് ഉൾപ്പെടുത്തിയതെന്നും ഹർജിയിൽ പറയുന്നു.
കേസിലെ വസ്തുതകളും നിയമവും ശരിയായി വിലയിരുത്താതെയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയതെന്നും അപ്പീലിൽ പറയുന്നു.