കൊച്ചി: സമുദ്രകൃഷി ദേശീയ നയത്തിന് ജനുവരി പകുതിയോടെ അവസാന രൂപമാകും. കരട് നയം സംബന്ധിച്ച് ഈ മേഖലയിലുള്ള എല്ലാവരുടെയും അഭിപ്രായം ശേഖരിച്ചുവരികയാണ്. ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കടലിൽ നിന്നുള്ള മീനിന്റെ ലഭ്യത കുറയുന്നതിനാൽ സമുദ്രജലകൃഷികൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കാനാണ് നയം ആവിഷ്‌കരിച്ചിരിക്കുന്നത്. കൂടുമത്സ്യക്കൃഷി, കക്കവർഗങ്ങളുടെ കൃഷി, പായൽ കൃഷി എന്നിവയിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കുക, വരുമാനം കൂട്ടുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം. ദേശീയ ഫിഷറീസ് െഡവലപ്പ്‌മെന്റ് ബോർഡിന്റെ നിർദേശപ്രകാരം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് കരട് തയ്യാറാക്കിയത്. നിലവിലെ സ്ഥിതിയനുസരിച്ച് 2050 ആകുമ്പോഴേയ്ക്കും 50 ലക്ഷം ടൺ മീൻ കടലിൽ നിന്ന് കൃഷിചെയ്ത് ഉത്പാദിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ജനുവരി 5, 6 തീയതികളിൽ യോഗം ചേർന്ന് സമുദ്രകൃഷി നയത്തിന് അന്തിമരൂപം നൽകുമെന്ന് ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു. തുടർന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും.

ദേശീയ സമുദ്രകൃഷിനയം വൻകിട വ്യവസായികളെയും കോർപ്പറേറ്റുകളെയും സമുദ്രകൃഷിയിലേക്ക് ആകർഷിക്കുന്നതിനാണെന്ന ആശങ്കകൾ അധികൃതർ നേരത്തെ തള്ളിയിരുന്നു. സമുദ്രകൃഷിക്ക് സ്ഥലം നിശ്ചയിക്കുമ്പോൾ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടരുതെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആശങ്കകളും നിർദേശങ്ങളും അവർ സി.എം.എഫ്.ആർ.ഐയ്ക്ക് എഴുതി നൽകിയിട്ടുണ്ട്. പരമ്പരാഗത മീൻപിടിത്തക്കാരുടെ മേഖലയിലേക്ക് കടന്നുകയറരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച മത്സ്യത്തീറ്റ ഉറപ്പാക്കാനായില്ലെങ്കിൽ ഇത് കഴിച്ചുവളരുന്ന മീനിന്റെ രുചിയിൽപോലും വ്യത്യാസം വരും. മികച്ച മത്സ്യവിത്തുകളുടെ അഭാവത്തിലും ആശങ്കയുണ്ട് - അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ പറഞ്ഞു.

സംഘടനകൾ നൽകിയിട്ടുള്ള നിർദേശങ്ങളിൽ മികച്ചവയുണ്ടെന്ന് ഡോ. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. സമുദ്രകൃഷിക്കായി കടലിൽ പ്രത്യേക മേഖലകൾ നിശ്ചയിക്കുമ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും അവരുൾപ്പെടുന്ന സഹകരണസംഘങ്ങൾക്കും മുൻഗണന നൽകാൻ നേരത്തെ സി.എം.എഫ്.ആർ.ഐയിൽ നടന്ന യോഗത്തിൽ തീരുമാനമായിരുന്നു. സമുദ്രകൃഷിയെ കാർഷികവൃത്തിയായി പരിഗണിച്ച് സാമ്പത്തിക - വായ്പാ പദ്ധതികൾ നടപ്പാക്കുന്ന തരത്തിൽ കരട് നയത്തിൽ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.