കൊച്ചി: കെ.എസ്.ആർ.ടി.സി.യിൽ നിർദിഷ്ടയോഗ്യതയില്ലാത്ത എംപാനൽഡ് കണ്ടക്ടർമാരെ എത്രയുംവേഗം ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പകരം 2013 മേയ് ഒമ്പതിലെ പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവരെ നിയമാനുസൃതം നിയമിക്കണം.

ഒരാഴ്ചയ്ക്കകം നടപടിവേണമെന്ന് ജസ്റ്റിസ് വി. ചിതംബരേഷും ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുമുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഉത്തരവുപാലിച്ച് റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ കോടതിയലക്ഷ്യനടപടി നേരിടണം. ഉത്തരവ് നടപ്പായാൽ 3500-ലധികം കണ്ടക്ടർമാർ പുറത്താകുമെന്നാണ് സൂചന.

2014-ലും മറ്റും പി.എസ്.സി.യുടെ അഡ്വൈസ് മെമ്മോ കിട്ടിയ പാലക്കാട് കഞ്ചിക്കോട് സ്വദേശി ആന്റണി സ്റ്റിജോ ഉൾപ്പെടെയുള്ളവരാണ് നിയമനത്തിന് അവകാശമുണ്ടെന്ന വാദവുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. നേരത്തേ ഇവരുടെ ആവശ്യം സിംഗിൾബെഞ്ച് തള്ളിയിരുന്നു. നിലവിൽ ഇത്രയും ഒഴിവില്ലെന്ന കെ.എസ്.ആർ.ടി.സി.യുടെ വാദം പരിഗണിച്ചായിരുന്നു അത്.

ഇപ്പോൾ നാലായിരത്തിലധികം എംപാനൽഡ് കണ്ടക്ടർമാർ ഉണ്ടെന്ന് ഉദ്യോഗാർഥികൾ വാദിച്ചു. അവർ ജോലിചെയ്യുന്നത് തങ്ങളെ അഡ്വൈസ് ചെയ്ത നോൺ ജോയിനിങ് ഡ്യൂട്ടി ഒഴിവിലാണെന്നും ബോധിപ്പിച്ചു. ഇത് പരിഗണിച്ചാണ് ഉത്തരവ്. പത്തുവർഷത്തിൽതാഴെ സർവീസുള്ളവരും വർഷം 120 ദിവസത്തിൽ താഴെ ജോലിചെയ്യുന്നവരുമായ എംപാനൽഡ് കണ്ടക്ടർമാർക്കാകും ഇത് ബാധകം.

പത്തുവർഷം സർവീസ്, ഒരുവർഷം 120 ദിവസത്തെ സർവീസ് എന്നീ യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്തുമെന്ന് 2013-ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. അത് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിട്ടുണ്ട്.

വ്യക്തത തേടും

ഇപ്പോഴത്തെ വിധി ഏത് കാലഘട്ടത്തിലെ നിയമനങ്ങൾ മുതലാണ് ബാധിക്കുക എന്നതിൽ വ്യക്തത വേണം. നിലവിലെ വിധിയിൽ ഇതേക്കുറിച്ച് പരാമർശമില്ല. കേസ് അടുത്തതവണ പരിഗണിക്കുമ്പോൾ ഇതേക്കുറിച്ച് വിശദീകരണം തേടും. വിധി നടപ്പാക്കാനുള്ള ബാധ്യത കെ.എസ്.ആർ.ടി.സി.ക്കുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ നാലായിരം പേരെ നിയമിക്കുന്നതിലും പിരിച്ചുവിടുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഹൈക്കോടതിയിൽനിന്ന് വിശദീകരണം ലഭിക്കുന്നമുറയ്ക്ക് സർക്കാരുമായി ആലോചിച്ച് നടപടി എടുക്കും

-ടോമിൻ ജെ. തച്ചങ്കരി, കെ.എസ്.ആർ.ടി.സി. എം.ഡി.

Content Highlights: KSRTC, M Panel Conductors