കൊച്ചി: തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോൾ യുവതീപ്രവേശത്തിനെതിരേ നിലയ്ക്കലിലുണ്ടായ അതിക്രമങ്ങളിൽ ആൾക്കൂട്ടമുണ്ടാക്കിയ നാശം ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. അവിടെയുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് ഇതിന്റെ വ്യാപ്തി വ്യക്തമാണെന്നും കോടതി പറഞ്ഞു.

കേസിൽ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻ നൽകിയ ജാമ്യാപേക്ഷ തള്ളിയാണ് ഹൈക്കോടതിയുടെ പരാമർശം. പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 17-ാം പ്രതിയാണ് ഗോവിന്ദ് മധുസൂദനൻ. അതിക്രമങ്ങളിൽ ആൾക്കൂട്ടത്തിലെ ഒരാൾക്കുപോലും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

‘അന്വേഷണത്തിൽ ഇടപെടാനാവില്ല’

അക്രമങ്ങളിൽ 14 പോലീസുകാർക്ക് പരിക്കേറ്റു. രണ്ട് പോലീസ് ബസുകൾ, പോലീസിന്റെ ഒരു കാർ, മറ്റു നാല് പോലീസ് വാഹനങ്ങൾ, 12 കെ.എസ്.ആർ.ടി.സി. ബസുകൾ, മൂന്ന് മാധ്യമ വാഹനങ്ങൾ, മൂന്ന് ക്യാമറകൾ എന്നിവ നശിപ്പിച്ചു. പൊതുമുതൽ നശിപ്പിച്ച വകയിൽ 16.78 ലക്ഷം രൂപയുടെയും ക്യാമറയും സ്വകാര്യ വാഹനങ്ങളുമടക്കം നശിപ്പിച്ച വകയിൽ 15.5 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഇപ്പോൾ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.

അക്രമ സംഭവങ്ങളെത്തുടർന്ന് ഒക്ടോബർ 25-നാണ് ഗോവിന്ദ് മധുസൂദനനെ അറസ്റ്റ് ചെയ്തത്. നിലയ്ക്കലിൽനിന്ന് പമ്പയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അക്രമമുണ്ടായതെന്നും പോലീസും ചില സംഘങ്ങളും തമ്മിൽ കല്ലേറും സംഘർഷവും ഉണ്ടായെന്നും ഹർജിക്കാരൻ ആരോപിച്ചു.

‘ശ്രമിച്ചത് കോടതിവിധി നടപ്പാക്കാൻ’

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പോലീസിനെയും ഭക്തരെയും മാധ്യമപ്രവർത്തകരെയും ഇവർ ആക്രമിച്ചു. സുപ്രീംകോടതിവിധി നടപ്പാക്കാനാണ് പോലീസ് ശ്രമിച്ചത്.

കെ.എസ്.ആർ.ടി.സി. ബസുകൾക്കും പോലീസ് വാഹനങ്ങൾക്കും നേരെ അക്രമമുണ്ടായി. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുമെന്നും ഇതു ചെറുക്കാൻ നടപടി വേണമെന്നും കേന്ദ്ര സർക്കാർ കേരളമുൾപ്പെടെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആൾക്കൂട്ടത്തിൽ ഒരു വിഭാഗത്തെ നയിച്ചത് ഗോവിന്ദ് മധുസൂദനനാണ്. കല്ലെറിയാനും ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കാനും ഇയാൾ ഉണ്ടായിരുന്നു. സംഘത്തിൽ ചിലർ ടവൽ ഉപയോഗിച്ച് മുഖം മറച്ചിരുന്നു.

ടവർ ലൊക്കേഷൻ രേഖകൾ പരിശോധിച്ചാൽ സംഭവ സമയത്ത് ഇയാൾ നിലയ്ക്കലിൽ ഉണ്ടായിരുന്നെന്ന് വ്യക്തമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നിലയ്ക്കലിൽ ഉണ്ടായിരുന്നെന്നും വൈകീട്ട് അഞ്ചരയോടെ 150 കിലോമീറ്റർ അകലെയുള്ള തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി എന്നുമുള്ള ഹർജിക്കാരന്റെ വാദം തെറ്റാണെന്ന് രേഖകൾ വ്യക്തമാക്കുന്നതായും ഹൈക്കോടതി വിലയിരുത്തി.

‘പുനഃപരിശോധനാ ഹർജി: ബോർഡിനോട് നിർദേശിക്കാനാകില്ല’

: യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കുശേഷമുള്ള യഥാർഥ വിവരങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാരിനോട്‌ നിർദേശിക്കണമെന്ന ആവശ്യവും ഡിവിഷൻ ബെഞ്ച് നിരസിച്ചു.

എന്നാൽ, ശബരിമലയിലെ പോലീസ് വിന്യാസത്തിന്റെ ചെലവ് ദേവസ്വംബോർഡ് നൽകരുത് എന്നതടക്കമുള്ള ഹർജിയിലെ മറ്റാവശ്യങ്ങളിൽ സർക്കാരിന് നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിനുവേണ്ടി പ്രസിഡന്റ് എം.കെ. ഗോപിനാഥ്, കേരള അയ്യപ്പ ഭക്തഫോറം പ്രസിഡന്റ് ആർ.എ. രാജസിംഹ എന്നിവരാണ് ഹർജി നൽകിയത്.