കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേരിലുള്ള കേസ് കൈകാര്യം ചെയ്യാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ചേക്കും. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ‘സേവ് അവർ സിസ്റ്റേഴ്‌സ്’ (എസ്.ഒ.എസ്.) ആക്‌ഷൻ കൗൺസിലിന് അനുഭാവപൂർണമായ മറുപടിയാണ് ലഭിച്ചത്.

പ്രത്യേക കോടതിയും സ്പെഷ്യൽ പ്രോസിക്യൂട്ടറും വേണമെന്നാണ് ഇവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രത്യേക കോടതിയുടെ കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിർദേശമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായും ഇവർ വിശദമായി സംസാരിച്ചു.

വിചാരണ അനിശ്ചിതമായി നീളുന്നത് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതിന് കാരണമാകുമെന്നും പരാതിക്കാരുടെ ജീവന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.ഒ.എസ്. മുഖ്യമന്ത്രിയെ സമീപിച്ചത്. ഫ്രാങ്കോയ്ക്കെതിരേ നേരത്തേ മൊഴിനൽകിയ ഒരു വൈദികൻ ജലന്ധറിൽ മരിച്ചനിലയിൽ കാണപ്പെട്ടതും വിശദീകരിച്ചു. മുമ്പ് ജലന്ധർ രൂപതയിലെ ഒരു ഇടവകവികാരിയും കന്യാസ്ത്രീസമൂഹത്തിന്റെ റെക്ടറുമായിരുന്നു ഇദ്ദേഹം. ഫ്രാങ്കോയ്‌ക്കെതിരേ പോലീസിന് മൊഴിനൽകിയതിനെത്തുടർന്ന് തരംതാഴ്ത്തി ഒരു റെസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി. മൃതദേഹം പോലീസ് കാവലിൽ കേരളത്തിലെത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പി.സി. ജോർജിനെതിരേ നിയമസഭാ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കണ്ട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കമ്മിറ്റി ചെയർമാൻ എ. പ്രദീപ്കുമാർ എം.എൽ.എ.യ്ക്ക് നിവേദനം നൽകും. പരാതിക്കാരിയായ കന്യാസ്ത്രീയെയും കുടുംബാംഗങ്ങളെയും പരസ്യമായി അധിക്ഷേപിച്ചത് സംബന്ധിച്ചാണ് പരാതി. ഫാ. അഗസ്റ്റിൻ വട്ടോളി, ഷൈജു ആന്റണി, കന്യാസ്ത്രീയുടെ സഹോദരി, പി. ഗീത എന്നിവരാണ് മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടത്.