കൊച്ചി: പ്രളയദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക അർഹർക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിക്കുന്ന തുകയിൽ ഒരു പൈസപോലും മറ്റാവശ്യത്തിന് ഉപയോഗിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ അക്കാര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും സുതാര്യതയ്ക്കായി പ്രത്യേക അക്കൗണ്ട് ആലോചിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു.

പ്രളയദുരിതാശ്വാസത്തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കാൻ നിർദേശിക്കണമെന്ന ഇടുക്കി ചെങ്കുളം സ്വദേശിനി എ.എ. ഷിബിയുടെ ഹർജി പരിഗണിക്കവേയാണിത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ നിലപാടറിയാൻ ഹർജി വെള്ളിയാഴ്ചത്തേക്കു മാറ്റി.

മറ്റു സംസ്ഥാനങ്ങളിൽനിന്നടക്കം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് തുകയെത്തുന്നുണ്ട്. അത് മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുമെന്ന് കരുതേണ്ടതില്ല. എങ്കിലും തുകയുടെ വിനിയോഗത്തെക്കുറിച്ചുള്ള സുതാര്യതയ്ക്ക് പ്രത്യേക അക്കൗണ്ടോ പ്രത്യേകോദ്ദേശ്യ പദ്ധതിയോ ആകാമെന്ന് കോടതി പറഞ്ഞു. സന്നദ്ധസംഘടനകൾ സ്വരൂപിക്കുന്ന തുകയിൽ അധികം വരുന്നത് സർക്കാരിന്റെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകാൻ നിർദേശിച്ചുകൂടേയെന്നും കോടതി ചോദിച്ചു.

നേരത്തേ, സുനാമി ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുക കടൽത്തീരമില്ലാത്ത ജില്ലകളിൽപ്പോലും വിനിയോഗിച്ചതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ടുണ്ടെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. അക്കാര്യങ്ങൾ ഉൾപ്പെടുത്തി തിങ്കളാഴ്ച ഭേദഗതി ഹർജി നൽകുകയും ചെയ്തു. അസുഖബാധിതർക്ക് സഹായമുൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തുക നൽകുന്നുണ്ട്. പ്രത്യേക ഫണ്ടാക്കിയില്ലെങ്കിൽ അത്തരം മറ്റാവശ്യങ്ങൾക്കും ഈ തുക വിനിയോഗിക്കാൻ തടസ്സമില്ല. അത് ഒഴിവാക്കണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.

സർക്കാർ അറിയിച്ചത്:

* ഓഗസ്റ്റ് 17-ലെ പ്രാഥമിക കണക്കനുസരിച്ച് 19,512 കോടി രൂപയുടെ നഷ്ടം. മൂന്നാഴ്ചയ്ക്കകം കൃത്യമായ കണക്ക്.

* 775 വില്ലേജുകളിലായി 55 ലക്ഷം ദുരിതബാധിതർ.

* 10,000 കിലോമീറ്റർ പൊതുമരാമത്ത്, ഗ്രാമീണറോഡ് തകർന്നു.

* പ്രളയത്തിന്റെ കാഠിന്യം വിലയിരുത്തി മേഖല തിരിക്കാൻ ഉപഗ്രഹചിത്രമുൾപ്പെടെ ശാസ്ത്രീയമാർഗം ഉപയോഗിക്കും.

* ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ ജിയോളജിക്കൽ സർവേയുടെ അടിസ്ഥാനത്തിൽ ഭൂപടം തയ്യാറാക്കും. മണ്ണിടിച്ചിലിന്റെയും മറ്റും കാരണം കണ്ടെത്തും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പുനരധിവാസം.

* കേന്ദ്രസർക്കാരുമായും ദേശീയ ഏജൻസികളുമായും ഒത്തുചേർന്ന ദുരിതാശ്വാസപ്രവർത്തനം.

* പുനരുദ്ധാരണച്ചെലവ് സംസ്ഥാന സർക്കാരിനു മാത്രമായി വഹിക്കാവുന്നതിലധികം.

* പരിസ്ഥിതിക്കിണങ്ങുന്ന പുനരധിവാസപദ്ധതി നടപ്പാക്കും.

* 2646 ടൺ അജൈവമാലിന്യം ശേഖരിച്ച് സംസ്കരിച്ചു.

* ജലശുദ്ധീകരണപദ്ധതി 92 ശതമാനവും പുനരാരംഭിച്ചു.

* രണ്ടുദിവസം വെള്ളംകെട്ടിനിന്ന സ്ഥലങ്ങളിലെ വീട്ടുകാർക്ക് 10,000 രൂപ നൽകും. വീടിന് 75 ശതമാനം കേടുപറ്റിയാൽ നാലുലക്ഷം രൂപ നൽകും. ഭൂമിതന്നെ ഒലിച്ചുപോയവർക്ക് പകരം ഭൂമി വാങ്ങാൻ ആറുലക്ഷം രൂപ നൽകും.

* ഇൻഷുറൻസ് നഷ്ടപരിഹാരം കണക്കാക്കാൻ 452 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു.