കൊച്ചി: കർണാടകയുടെയും കേരളത്തിന്റെയും മെഡിക്കൽ പ്രവേശനത്തിന്റെ മോപ്പ്-അപ്പ് റൗണ്ട് (സ്പോട്ട് അഡ്മിഷൻ) തീയതികൾ ഒരേ ദിവസങ്ങളിലായത് വിദ്യാർഥികളെയും രക്ഷിതാക്കളെയും വലയ്ക്കുന്നു. ഈമാസം 21, 22 തീയതികളിലാണ് രണ്ടിടത്തെയും പ്രവേശന നടപടി. കേരളത്തിൽ ചെറിയ റാങ്കിന്റെ വ്യത്യാസത്തിൽ പ്രവേശനം നേടാനാകാതെ പോകുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന മറ്റൊരവസരമാണ് കർണാടകത്തിലെ മെഡിക്കൽ പ്രവേശനം.

എന്നാൽ, ഈ അവസരം ഇവിടത്തെ കുട്ടികൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരേ ദിവസങ്ങളിൽ തന്നെ രണ്ടു സംസ്ഥാനങ്ങളിലും സ്പോട്ട് അഡ്മിഷൻ നടക്കുമ്പോൾ ഏതെങ്കിലും ഒരവസരം നഷ്ടപ്പെടുത്തേണ്ടിവരും. ഇത് കുട്ടികളുടെ മാനസികാവസ്ഥയെത്തന്നെ ബാധിക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു.

ഇവിടെ കിട്ടിയില്ലെങ്കിൽ കർണാടക. അവിടെ കിട്ടിയില്ലെങ്കിൽ ഇവിടെ. അങ്ങനെ എവിടെയെങ്കിലും പ്രവേശനം കിട്ടുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുട്ടികൾ. തീയതികൾ മാറ്റാനായില്ലെങ്കിൽ വിദ്യാർഥികളുടെ പ്രതിനിധികളായി ഹാജരാകുന്ന രക്ഷിതാക്കളെ അംഗീകരിച്ച് പ്രവേശന നടപടി തുടരണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം.