കൊച്ചി: കോരിച്ചൊരിയുന്ന മഴയ്ക്കും അതിനുപിന്നാലെ ഇരമ്പിയാർത്തെത്തുന്ന മലവെള്ളത്തിനും അടിസ്ഥാനകാരണം ന്യൂനമർദംതന്നെ. പക്ഷേ, ന്യൂനമർദത്തിന്റെ ഇത്ര ശക്തമായ ഭാവം അസാധാരണമാണെന്ന് കാലാവസ്ഥാവിദഗ്ധർ പറയുന്നു.

മഴയുടെ ‘ആക്ടീവ് ഘട്ട’മാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ(കുസാറ്റ്) റഡാർ സെന്റർ ഡയറക്ടർ കെ. മോഹൻകുമാർ പറഞ്ഞു. ജൂണിൽ തുടങ്ങിയ കാലവർഷം ശക്തിയിൽ മാറ്റമില്ലാതെ ഇപ്പോഴും തകർത്തുപെയ്യുന്നത് ഇതുകൊണ്ടാണ്.

അറബിക്കടലിലുണ്ടായ ന്യൂനമർദപാത്തിയാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. മഴക്കാലത്ത് സാധാരണമായി രൂപംകൊള്ളുന്നതാണ് ന്യൂനമർദ പാത്തി. ഇത് ഏഴുമുതൽ പത്തുദിവസംവരെ ശക്തമായി നിൽക്കും. പിന്നെ ക്ഷയിക്കും. ശക്തി കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ചാണ് മഴ കൂടുകയും കുറയുകയും ചെയ്യുന്നത്.

മഴക്കാലം തുടങ്ങുന്ന ജൂണിൽ ആദ്യം കുറേദിവസം പെയ്ത് പിന്നീട് മഴ കുറയുന്നതാണ് വർഷങ്ങളായി കണ്ടുവരുന്നത്. ശേഷം മഴ ശക്തിപ്രാപിക്കുന്നത് ജൂലായിലായിരിക്കും. ഏറ്റക്കുറച്ചിലോടെ ഇത് സെപ്റ്റംബർവരെ തുടരും. ഇത്തവണ ജൂൺമുതൽതന്നെ കനത്ത മഴയാണ്. ഓഗസ്റ്റായിട്ടും സ്ഥിതിയിൽ മാറ്റമില്ല.

കഴിഞ്ഞ 10 മുതൽ 15 വർഷം വരെ ശക്തി ക്ഷയിച്ച രീതിയിലായിരുന്നു മഴ. 25 മുതൽ 30 ശതമാനം വരെ കൂടുതൽ മഴ ഇത്തവണ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂനമർദ പാത്തി സാധാരണഗതിയിൽ തെക്കുനിന്ന്‌ വടക്കോട്ട് മാറുന്നതിനനുസരിച്ച് കേരളത്തിലെ മഴ കുറയും. ഇതിപ്പോൾ തെക്കുഭാഗത്തുതന്നെ ശക്തിയായി നിൽക്കുന്നു.

തെക്ക്‌-പടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായാണ് വടക്കൻ ജില്ലകളിൽ കൂടുതലായി മഴ കിട്ടുന്നത്. തെക്ക്‌-പടിഞ്ഞാറൻ കാലവർഷത്തിന്റെ ശരാശരിയെടുത്താൽ തിരുവനന്തപുരത്ത് പെയ്യുന്ന മഴയുടെ അളവിനേക്കാൾ കൂടുതലായിരിക്കും കൊല്ലത്തേത്. വടക്കോട്ട് പോകുന്തോറും മഴയുടെ അളവ് കൂടിവരും.

അഞ്ചുദിവസംകൂടി കേരളത്തിൽ ശക്തമായ മഴലഭിക്കാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ.സന്തോഷ് പറഞ്ഞു. കാറ്റിനും സാധ്യത കണക്കാക്കിയിട്ടുണ്ട്. കടലിൽ പോകരുതെന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയത് ഇതിന്റെ പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.