കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ അനുസ്മരിക്കാൻ ഖാദി ബോർഡ് പുറത്തിറക്കിയിരുന്ന ‘ലീഡർ കുർത്ത’യുടെ നിർമാണം നിർത്തുന്നു. 2004-ൽ ഇറക്കിയ ലീഡർ കുർത്തയെന്ന മോഡലിന് ആവശ്യക്കാരില്ലെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭന ജോർജ് പറഞ്ഞു. ലീഡർ ധരിച്ചിരുന്ന തരത്തിലുള്ള കുർത്തയാണിത്.

യുവാക്കളെ ആകർഷിക്കാൻ ഇതിനു കഴിയുന്നില്ലെന്ന് ശോഭന ജോർജ് പറഞ്ഞു. യുവാക്കൾക്ക് പ്രിയം 600 മുതൽ വിലയുള്ള സഖാവ് ഷർട്ടുകളോടാണ്. പുതുതലമുറയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മനില, എൻ.എം.സി. തുടങ്ങിയ വിവിധ ഖാദി തുണിത്തരങ്ങളിൽ സഖാവ് ഷർട്ട് ലഭ്യമാണ്.

ഇറങ്ങിയ കാലത്ത് ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ലീഡർ കുർത്ത കലൂർ ഖാദി ടവറിൽ ഇനി 26 പീസുകളാണ് ബാക്കിയുള്ളത്. മറ്റു ഖാദി കേന്ദ്രങ്ങളിലും വിരലിലെണ്ണാവുന്ന എണ്ണം മാത്രമെ ബാക്കിയുള്ളൂ. ഉപഹാർ തുണിയിൽ നിർമിച്ച കുർത്തയുടെ ഇപ്പോഴത്തെ വില 216 രൂപയാണ്. ഓണം-ബക്രീദ് വിപണി അവസാനിക്കുന്നതോടെ ലീഡർ കുർത്തയെന്നത് ഒരു ഓർമ മാത്രമാകും. പ്രായമായ ആളുകളാണ് ലീഡർ കുർത്ത ആവശ്യപ്പെട്ട്‌ എത്തിയിരുന്നതെന്ന് ജീവനക്കാർ പറയുന്നു. നാലു വർഷമായി ഈ മോഡലിന് ആവശ്യക്കാർ കുറവായിരുന്നെന്നും അവർ അറിയിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ നിർമാണം നടത്തിയിരുന്നില്ല.