കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ വരെ കേരളത്തിലെ പാസ്‌പോർട്ട് അപേക്ഷകരുടെ എണ്ണം 13.2 ലക്ഷം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അപേക്ഷകരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനമാണ് കേരളത്തിന്. മഹാരാഷ്ട്രയ്ക്കാണ് ഒന്നാംസ്ഥാനം - 13.7 ലക്ഷം അപേക്ഷകർ.

പ്രവാസികളുടെ സാന്നിധ്യമാണ് കേരളത്തിൽ അപേക്ഷകരുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. നിരവധി ആളുകളാണ് വിദേശ രാജ്യങ്ങളിലേക്ക് ജോലിതേടി പോകുന്നത്. ഇതു കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനായും ഇവിടെ നിന്ന്‌ ആളുകൾ പുറംരാജ്യങ്ങളിലേക്ക് ധാരാളമായി പോകുന്നുണ്ട്.

തമിഴ്‌നാടാണ്‌ മൂന്നാം സ്ഥാനത്തുള്ളത്. 12 ലക്ഷം പേരാണ് ഇവിടെയുള്ളത്. പഞ്ചാബ് നാലാം സ്ഥാനത്തും യു.പി. അഞ്ചാം സ്ഥാനത്തും ആണ് ഉളളത്. പഞ്ചാബിൽ 10.6 ലക്ഷവും യു.പിയിൽ 10.4 ലക്ഷവും അപേക്ഷകരാണുള്ളത്. രാജ്യത്തെ മൊത്തം പാസ്‌പോർട്ട് അപേക്ഷകരിൽ 51 ശതമാനം ആളുകളും ഈ അഞ്ച് ജില്ലയിൽ നിന്നുള്ളവരാണ്. ബാക്കി 49 ശതമാനം മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളെല്ലാം തന്നെ 10 ലക്ഷത്തിൽ താഴെ ആളുകളാണ് അപേക്ഷിക്കുന്നത്. ഇന്ത്യയിൽ പാസ്‌പോർട്ട് കൈവശമുള്ളവർ 7.38 കോടിയാണ്.

കേരളത്തിൽ അപേക്ഷകരുടെ എണ്ണം

2017-ൽ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് - 5,86,904 പേർ. മലപ്പുറത്തെ അപേക്ഷകളുംകൂടി ഇതിൽ പെടുന്നുണ്ട്. രണ്ടാംസ്ഥാനത്ത് കൊച്ചിയാണ്. 4,95,596 അപേക്ഷകളാണ് ഇവിടെ കിട്ടിയത്‌. മൂന്നാം സ്ഥാനത്ത് തിരുവനന്തപുരമാണുള്ളത്. 2,40,670 അപേക്ഷകരാണ് ഇവിടെ. 2018 ആദ്യ ആറ് മാസത്തെ കണക്കുകളിൽ കൊച്ചിയാണ് മുന്നിട്ട് നിൽക്കുന്നത്. 2,64,254 പേർ അപേക്ഷിച്ചു. രണ്ടാം സ്ഥാനത്ത് കോഴിക്കാടാണ്. ഇവിടെ 2,59,147 പേരാണുള്ളത്. തിരുവനന്തപുരത്ത് 1,22,707 പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

പാസ്‌പോർട്ട് അപേക്ഷിക്കാൻ വളരെ എളുപ്പം: പ്രശാന്ത് ചന്ദ്രൻ, റീജണൽ പാസ്‌പോർട്ട് ഓഫീസർ

പാസ്‌പോർട്ട് അപേക്ഷ ലളിതമാകുന്നതോടെ ജനങ്ങൾക്ക് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതായിരിക്കുകയാണ്. ഇന്ത്യയിൽ എവിടെയുമുള്ള പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ അപേക്ഷ നൽകാനാകും. അഡ്രസ് പ്രൂഫ് നൽകണം. ആളുകൾക്ക് ഏറ്റവും അടുത്തുള്ള പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനാകും. മൊബൈൽ പാസ്‌പോർട്ട് സേവ എന്ന ആപ്പും ആളുകൾക്ക് പ്രയോജനപ്പെടുത്താം. വളരെ എളുപ്പത്തിൽ ആൻഡ്രോയ്ഡ് ഫോണിലൂടെ അപേക്ഷിക്കാനാകും.