കൊച്ചി: ഐസ് ക്രീം പാർലർ കേസ് അന്വേഷണം അവസാനിപ്പിക്കുന്ന പോലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതിയിൽ പുനഃപരിശോധനാഹർജി നൽകി. 2017 ഡിസംബർ 23-ലെ കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരായാണ് ഹർജി.

ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരുൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം തേടി. മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട കേസാണിത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഡിവിഷൻബെഞ്ച് തള്ളിയതിനെതിരേ സുപ്രീംകോടതിയിൽ പ്രത്യേകാനുമതിഹർജി നൽകി. ഹർജിയിലെ ആക്ഷേപം മജിസ്ട്രേറ്റ് കോടതി പരിഗണിച്ച് തീരുമാനിക്കാനായിരുന്നു അതിലെ തീർപ്പ്. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളിലെ പരാമർശങ്ങളാൽ സ്വാധീനിക്കപ്പെടരുതെന്നും വ്യക്തമാക്കി.

കേസിൽ അന്വേഷണം അവസാനിപ്പിക്കുന്ന റിപ്പോർട്ടാണ് പോലീസ് മജിസ്ട്രേറ്റുകോടതിയിൽ നൽകിയത്. ഹർജിക്കാരന്റെ വാദം ശരിയായി വിലയിരുത്താതെയാണ് മജിസ്ട്രേറ്റുകോടതി പോലീസ് നിലപാട് അംഗീകരിച്ചതെന്നാണ് ആക്ഷേപം.