കൊച്ചി : സെക്യൂരിറ്റി ഏജന്‍സിക്ക് പണം വര്‍ധിപ്പിച്ചു നല്‍കി, ജി.സി.ഡി.എയില്‍ എഴുപത്തിരണ്ട് ലക്ഷത്തിന്റെ തിരിമറി. വികസന അതോറിറ്റിയുടെ വിവിധ കെട്ടിടങ്ങളില്‍ സെക്യൂരിറ്റി ജോലി ഏറ്റെടുത്തിട്ടുള്ള സ്വകാര്യ സ്ഥാപനത്തിനാണ് കരാര്‍ പോലും പുതുക്കാതെ 72,31,365 ലക്ഷം രൂപ കൂടുതലായി അനുവദിച്ചത്.

2017 ജനുവരി മുതലാണ് സെക്യൂരിറ്റി ഏജന്‍സിക്ക് അധിക തുക നല്‍കിവന്നത്. പുതിയ കരാര്‍പോലും ഉണ്ടാക്കാതെ ഏജന്‍സിക്ക് പണം കൂട്ടി നല്‍കുകയായിരുന്നു. ഇതില്‍ ഓഡിറ്റ് വിഭാഗത്തില്‍ നിന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയപ്പോഴാണ് സംഭവം വിവാദമാകുന്നത്. ഇതേത്തുടര്‍ന്ന് ഫയലുകള്‍ വിളിപ്പിച്ചപ്പോള്‍, അവ അപ്രത്യക്ഷമായി. ഇതോടെ ഒരു ദിവസം ഫയല്‍ പ്രത്യക്ഷപ്പെട്ടു.

ലക്ഷക്കണക്കിന് രൂപയാണ് സെക്യൂരിറ്റി ഇനത്തില്‍ ജി.സി.ഡി.എ. ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. അതോറിറ്റിയുടെ കടവന്ത്ര ആസ്ഥാനം, കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, മറൈന്‍ഡ്രൈവിലേയും പനമ്പള്ളി നഗറിലേയും ഷോപ്പിങ് കോംപ്ലക്‌സുകള്‍, മുണ്ടന്‍വേലിയിലെ ഫിഷ് ഫാം തുടങ്ങിയ സ്ഥലങ്ങളില്‍ സെക്യൂരിറ്റി ജോലിചെയ്യുന്നതിനാണ് പണം അനുവദിച്ചു നല്‍കിയത്.

സെക്യൂരിറ്റി ജീവനക്കാരുടെ നിരക്ക് വര്‍ധിപ്പിച്ചതായുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് പണം അധികമായി അനുവദി ച്ചുനല്‍കിയത്. സര്‍ക്കാര്‍ ഉത്തരവുപ്രകാരം, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പണം വര്‍ധിപ്പിച്ചിട്ടുള്ളത്, ദിവസവേതനാടിസ്ഥാനത്തില്‍ നേരിട്ട് നിയമിച്ചിട്ടുള്ള സെക്യൂരിറ്റി ജോലിക്കാരുടെ കാര്യത്തിലായിരുന്നു. ആ ഉത്തരവിന്റെ മറവില്‍ സ്വകാര്യ ഏജന്‍സിക്ക് പണം കൂട്ടി നല്‍കുകയായിരുന്നു. പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ തന്നെ വര്‍ധിച്ച നിരക്കിലുള്ള വേതനം നല്‍കാനുള്ള എന്‍ജിനീയറിങ് വകുപ്പിന്റെ കുറിപ്പ് എത്തുകയായിരുന്നു. ഇതിന് കമ്മിറ്റി അംഗീകാരം നല്‍കിയതിന്റെ പേരിലായിരുന്നു ഒരു വര്‍ഷം കരാര്‍പോലും ഉണ്ടാക്കാതെ സ്വകാര്യ ഏജന്‍സിക്ക് പണം അധികമായി നല്‍കിയത്.

ജി.സി.ഡി.എയുടെ വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജോലിയുടെ ഷിഫ്റ്റുകളിലും വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഷിഫ്റ്റുകള്‍ കൂട്ടി എഴുതിയും തുക കൂടുതല്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥതലത്തിലെ അഴിമതി വ്യക്തമായതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ ഉത്തരവിട്ടിട്ടുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ കുറിപ്പ് എത്തിയത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാനും സൂപ്രണ്ടിങ് എന്‍ജിനീയര്‍ മതിയായ ശ്രദ്ധ കാട്ടിയോ എന്ന് പരിശോധിക്കാനും ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാരാര്‍പോലും ഉണ്ടാക്കാതെ സ്ഥാപനത്തിന് പണം കൂട്ടി നല്‍കിയത്, എങ്ങനെ തിരിച്ചുപിടിക്കുമെന്നത് ജി.സി.ഡി.എക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസമായി സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല. സെക്യൂരിറ്റി ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതും ടെന്‍ഡര്‍ നല്‍കി സുതാര്യമായ രീതിയിലല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജി.സി.ഡി.എയുടെ ഏതൊക്കെ സ്ഥാപനങ്ങളില്‍ എത്ര പേര്‍ ഏതൊക്കെ ഷിഫ്റ്റില്‍ ജോലി ചെയ്തുവെന്നതിനും വ്യക്തമായ കണക്കില്ലാതെയാണ് പണം നല്‍കിയിട്ടുള്ളതെന്നും ഓഡിറ്റ് പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്.

റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുസെക്യൂരിറ്റി ഏജന്‍സിക്ക് കരാറില്ലാതെ പണം അനുവദിച്ചതു സംബന്ധിച്ച ആക്ഷേപം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമെ എന്തെങ്കിലും ഇതേക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളു.


സി.എന്‍. മോഹനന്‍,

ചെയര്‍മാന്‍,


ജി.സി.ഡി.എ.