കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഏതൊക്കെ രേഖകള്‍ നല്‍കാനാകുമെന്ന് പ്രോസിക്യൂഷനോട് കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 11-ന് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബുധനാഴ്ച വിചാരണ നടപടിക്കിടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും 11-ന് വിധി പറയും.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഒഴികെ ഏതൊക്കെ രേഖകള്‍ നല്‍കാമെന്ന് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും രേഖകള്‍ നല്‍കാനാവില്ലെങ്കില്‍ അതിന്റെ കാരണം ബോധിപ്പിക്കണം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ വാദത്തിനിടെയാണ് സെഷന്‍സ് കോടതി ഇപ്പോള്‍ പ്രോസിക്യൂഷന്റെ നിലപാട് അറിയിക്കണമെന്ന് നിര്‍ദേശിച്ചത്.

കേസിന്റെ വിചാരണ നടപടി കഴിഞ്ഞ 14-നാണ് തുടങ്ങിയത്. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.


ദിലീപിനെ കുടുക്കിയത് മഞ്ജുവും കൂട്ടരുമെന്ന് രണ്ടാം പ്രതി

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാരിയര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരേ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാര്‍ട്ടിന്‍.

മഞ്ജു വാരിയരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാക്കിയ കെണിയാണ് കേസ്. നടി രമ്യ നമ്പീശനും ലാലിനും ഇതില്‍ പങ്കുണ്ട്.

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാരിയര്‍ക്ക് പ്രതിഫലമായി ലഭിച്ചതാണ് ശ്രീകുമാര്‍ മേനോന്റെ 'ഒടിയന്‍' സിനിമയിലെ വേഷവും മുംബൈയിലെ ഫ്‌ളാറ്റുമെന്നും മാര്‍ട്ടിന്‍ ആരോപിച്ചു.