കൊച്ചി: ഷുഹൈബ് വധക്കേസ് സംബന്ധിച്ച് സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ബെഞ്ചില്‍ നില്‍ക്കില്ലെന്ന് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലെ വാദം ഹൈക്കോടതി തള്ളി. ഹൈക്കോടതി കേസന്വേഷണം സി.ബി.ഐ.യ്ക്ക് വിട്ടത് ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ മധ്യവേനലവധിക്കുശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് വാദംകേള്‍ക്കും.

ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദും എസ്.പി. റസിയയും നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് കേസന്വേഷണം സി.ബി.ഐ.യ്ക്ക് വിട്ടത്. ഈ ഉത്തരവ് ഡിവിഷന്‍ബെഞ്ച് കഴിഞ്ഞദിവസം സ്റ്റേ ചെയ്തു.

മട്ടന്നൂരില്‍ നടന്ന കൊലപാതകക്കേസില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജിയിലെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിലല്ല, സുപ്രീംകോടതിയിലാണ് നല്‍കേണ്ടതെന്നായിരുന്നു ഷുഹൈബിന്റെ മാതാപിതാക്കളുടെ വാദം. സംസ്ഥാനരൂപവത്കരണത്തിനുമുന്‍പ് അവിഭക്ത മദ്രാസ് പ്രവിശ്യയുടെ ഭാഗമാണ് മട്ടന്നൂരുള്‍പ്പെട്ട മലബാര്‍. അവിടത്തെ കേസുകളിലെ ക്രിമിനല്‍ റിട്ട് ഹര്‍ജിയില്‍ അപ്പീലിന്റെ കാര്യത്തില്‍ ലെറ്റര്‍ പേറ്റന്റ് (മദ്രാസ്) വ്യവസ്ഥയാണ് ബാധകമെന്നും അവര്‍ വാദിച്ചു.

കേരള ഹൈക്കോടതിനിയമം നിലവില്‍വന്നതോടെ ലെറ്റര്‍ പേറ്റന്റ് (മദ്രാസ്) വ്യവസ്ഥ പ്രാബല്യത്തിലില്ലാതായെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ബെഞ്ച് അപ്പീല്‍ നിലനില്‍ക്കുമെന്ന് ഇടക്കാല ഉത്തരവ് നല്‍കിയത്.