കൊച്ചി: ഇനി സര്‍ക്കാര്‍ വിളിച്ചാലും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിലേക്കില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. സര്‍ക്കാരിന്റെ താത്പര്യക്കുറവാണ് പദ്ധതി മുന്നോട്ടുനീങ്ങാത്തതിന് കാരണം. ഡി.എം.ആര്‍.സി.യുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലൈറ്റ് മെട്രോ നിര്‍മാണത്തിന് മുന്‍പ് മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഡി.എം.ആര്‍.സി. അംഗീകരിച്ചിരുന്നു. വിശദ റിപ്പോര്‍ട്ടും തയ്യാറാക്കി. മുന്നൊരുക്കജോലികളുടെ കരാര്‍ തയ്യാറാക്കി 2016 ഡിസംബറില്‍ സര്‍ക്കാരിന് നല്‍കി. 15 മാസമായിട്ടും നടപടിയുണ്ടായില്ല.

പ്രോജക്ട് ഓഫീസുകളുടെ പ്രവര്‍ത്തനത്തിനായി 16 ലക്ഷം രൂപയാണ് മാസം ഡി.എം.ആര്‍.സി. ചെലവിടുന്നത്. ഇത്തരത്തില്‍ വെറുതെ പണം ചെലവഴിക്കാനാകില്ല. അതിനാലാണ് പിന്‍മാറാന്‍ തീരുമാനിച്ചത്.

2014 ഒക്ടോബര്‍ മുതല്‍ പദ്ധതിയില്‍ പുരോഗതിയൊന്നുമില്ല. കോഴിക്കോട് പന്നിയങ്കര മേല്‍പ്പാലമല്ലാതെ മറ്റ് മുന്നൊരുക്കപ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാനായിട്ടില്ല. കരാര്‍ ഒപ്പിടാന്‍ പോലും കഴിഞ്ഞിട്ടില്ല. മുഴുവന്‍സമയ മാനേജിങ് ഡയറക്ടറെ നിയമിക്കണമെന്ന നിര്‍ദേശവും അംഗീകരിച്ചില്ല.

ലൈറ്റ് മെട്രോയ്ക്ക് അനുയോജ്യമായ സാങ്കേതികവിദ്യ ഏതെന്ന് പഠിക്കാന്‍ സര്‍ക്കാര്‍ ഡി.എം.ആര്‍.സി.യോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പഠനം നടത്തി 2017 സെപ്റ്റംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോടും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

ഈ വര്‍ഷം ഫെബ്രുവരി 15-നകം മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറൊപ്പിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിക്കപ്പെട്ടില്ല. ആ സാഹചര്യത്തില്‍ ഫെബ്രുവരി 28-ന് പ്രോജക്ട് ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ മാസം 15-ഓടെ ഓഫീസ് അടയ്ക്കലും ജീവനക്കാരുടെ മാറ്റവുമെല്ലാം പൂര്‍ത്തിയാകും.

പദ്ധതിയില്‍നിന്ന് പിന്‍മാറുന്നതില്‍ വിഷമമുണ്ട്. ഇനിയും ഇങ്ങനെ തുടരുന്നതില്‍ അര്‍ഥമില്ല. പദ്ധതിയില്‍നിന്ന് പിന്‍മാറുന്നത് എന്തുകൊണ്ടാണെന്ന് നാട്ടുകാര്‍ അറിയണം. അതിനാലാണ് പത്രസമ്മേളനം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു; അനുമതി കിട്ടിയില്ല

ലൈറ്റ് മെട്രോയുടെ അവസ്ഥ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ല. കരാര്‍ ഒപ്പിടാതെ നീളുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നുണ്ടായിരുന്നു. അതിനാണ് നേരില്‍ കാണാന്‍ അനുമതിക്കായി ശ്രമിച്ചത്. ഏറെ കാത്തിരിന്നിട്ടും അനുമതി ലഭിച്ചില്ല.-ഇ. ശ്രീധരന്‍.

കാലാവധി കഴിഞ്ഞപ്പോള്‍ പിന്മാറി: ഡി.എം.ആര്‍.സി. പിന്മാറിയതുകൊണ്ടുമാത്രം തിരുവന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. ഡി.എം.ആര്‍.സി.യെ ഒഴിവാക്കിയതല്ല, കരാര്‍ കാലാവധി അവസാനിച്ചപ്പോള്‍ അവര്‍ പിന്മാറുകയാണുണ്ടായത്. അത് പദ്ധതിക്ക് തടസ്സമല്ല. ഡി.എം.ആര്‍.സി.യുടെ സഹായം കേരളം തേടുന്ന കാലത്ത് കൊച്ചി മെട്രോയില്ല. ഇപ്പോള്‍ ആ പദ്ധതിയുടെ വൈദഗ്ധ്യം നമുക്കു ലഭിക്കും. കൊച്ചി മെട്രോയുടെ അനുഭവംകൂടി കണക്കിലെടുത്തേ ഇക്കാര്യത്തില്‍ മുന്നോട്ടുനീങ്ങാന്‍ കഴിയൂ.

-മുഖ്യമന്ത്രി പിണറായി വിജയന്‍