കൊച്ചി: പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ (വൈദിക സമിതി) തീരുമാനമനുസരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്‍മാര്‍ വെള്ളിയാഴ്ച രാവിലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കാണും. കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടില്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് എതിരായതോടെ കര്‍ദിനാള്‍ ചുമതലയില്‍നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെടാനാണ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കര്‍ദിനാളിനെ കാണുന്നത്. ഒന്നോ രണ്ടോ വൈദികരും ഇവരെ അനുഗമിച്ചേക്കും. വൈദികര്‍ ഒപ്പം പോകണോ എന്ന കാര്യത്തില്‍ വൈദിക സമിതിയില്‍ തീരുമാനമായിരുന്നില്ല. പോകണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ടായി. തുടര്‍ന്ന് തീരുമാനം സഹായ മെത്രാന്‍മാര്‍ക്ക് വിടുകയായിരുന്നു. കര്‍ദിനാളിന്റെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ക്കാണ് ആലോചിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരേ ആരോപണ വിധേയര്‍ അപ്പീല്‍ പോകുമെന്നാണ് അറിയുന്നത്. കോടതിയുടെ വിമര്‍ശനമേല്‍ക്കേണ്ടി വന്നതില്‍ സ്ഥിരം സിനഡ് നിരാശ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഭൂമി വില്‍പ്പനയെ സംബന്ധിച്ച് കേസ് നടത്തുന്നതിന് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെ ഏല്‍പ്പിച്ചതായ വാര്‍ത്തകള്‍ ശരിയല്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തില്‍നിന്ന് അറിയിച്ചു.വിധിപ്പകര്‍പ്പ് കിട്ടി: കേസ് ഉടന്‍


എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ സ്ഥലമിടപാടിനെക്കുറിച്ച് ഗുരുതര ആരോപണങ്ങളുയര്‍ന്നതിനാല്‍ കര്‍ദിനാള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് സെന്‍ട്രല്‍ പോലീസിന് ലഭിച്ചു. ഇത് പഠിച്ചുവരികയാണെന്നും മേലുദ്യോഗസ്ഥരോടു കൂടി ആലോചിച്ച ശേഷം വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ചയോ കേസെടുക്കുമെന്നും സി.ഐ. എ. അനന്തലാല്‍ അറിയിച്ചു.