കൊച്ചി: ആരോഗ്യവകുപ്പില്‍ ആശ്രിതനിയമന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മൂലം ഇഴയുന്നു. മാതൃവകുപ്പിലെ ആശ്രിതനിയമന ഒഴിവുകള്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍മൂലം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

ചില ഫയലുകളുടെ പേര് പറഞ്ഞ് കാലതാമസം വരുത്തി ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി മുഖ്യമന്ത്രിക്ക് തെറ്റായ വിവരങ്ങളാണ് യൂണിയന്‍ നേതാക്കള്‍ നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.

2013 മുതല്‍ 2017 വരെയുള്ള ആശ്രിത നിയമനങ്ങളാണ് നിലവില്‍ നടപടികളൊന്നുമാവാതെ നില്‍ക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ നിരന്തരമായി പരാതികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഓഫീസില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

മാതൃവകുപ്പിലെ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് 1999-ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ളതോ തൊട്ടടുത്തുള്ളതോ ആയ ഒഴിവുകള്‍ നല്‍കണം. എന്നാല്‍ 2017 വരെയുണ്ടായ എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആരോഗ്യവകുപ്പില്‍ എറണാകുളം ജില്ലയില്‍മാത്രം 46 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലൊട്ടാകെ 550-ഓളം ഒഴിവുകള്‍ വന്നിട്ടുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍വരുന്ന ഒഴിവുകളും പി.എസ്.സി.ക്ക് വിടാനാണ് വിവിധ യൂണിയനുകള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ജനുവരിയില്‍ 1:1 അനുപാതത്തില്‍ 27 പേര്‍ക്ക് നിയമനം നല്‍കി ബാക്കിയുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് വിടാനാണ് വകുപ്പ് ശ്രമിക്കുന്നത്. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.നിയമനങ്ങള്‍ നടത്തിവരുന്നു


ആരോഗ്യവകുപ്പിലെ ആശ്രിതനിയമനങ്ങള്‍ നടത്തിവരികയാണ്. 27 പേര്‍ക്ക് നിയമനംനല്‍കി. നിയമനത്തിനുള്ള ഫയലുകള്‍ സെക്രട്ടേറിയറ്റിലാണുള്ളത്. ഇതിന് വേണ്ട നടപടികള്‍ നടന്നുവരികയാണ്.

- ഡോ. ആര്‍.എല്‍. സരിത

ആരോഗ്യവകുപ്പ് ഡയറക്ടര്‍