കൊച്ചി: ‘‘വീട്ടുകാരെ ഓർത്ത് കരഞ്ഞു. ജീവൻ പോകുമെന്ന് ഉറപ്പായിരുന്നു. ബോട്ടിലെ ചെറിയ മുറിയിൽ എല്ലാവരും കൂടിച്ചേർന്നിരുന്നു. കാറ്റും തിരയും കാരണം പുറത്തേക്കിറങ്ങാൻ കഴിയുമായിരുന്നില്ല. ഉയർന്നുവന്ന തിരമാലയിൽ  ബോട്ട് നേരേ കുത്തനെ ഉയർന്നു’’ -കന്യാകുമാരി ജില്ലയിലെ തേങ്കാപ്പട്ടണം സ്വദേശി തോമസിന് ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാനായിട്ടില്ല.
തോപ്പുംപടിയിൽനിന്ന് നവംബർ 28-നാണ് തോമസ് ഉൾപ്പെടെ 10 പേർ കയറിയ ‘ജീസസ് ഫ്രണ്ട്‌സ്’  ബോട്ട് യാത്രയാരംഭിച്ചത്.30-ന് കൽപ്പേനി ദ്വീപിന്റെ  സമീപത്തെത്തി.

അവിടെ തമ്പടിച്ച് മീൻപിടിക്കാനായിരുന്നു പരിപാടി. ഒന്നാംതീയതി  രാവിലെ കാറ്റുതുടങ്ങി. സാധാരണ കാറ്റായാൽ മൂന്നോനാലോ മണിക്കൂർ കഴിയുമ്പോൾ കുറയും. എന്നാൽ, ഇത് കൂടിക്കൂടിവന്നു. ബോട്ട് അവിടെത്തന്നെ ഉറപ്പിച്ചുനിർത്താൻ നങ്കൂരമിടുന്ന വലിയ വടങ്ങൾ ഉപയോഗിച്ചെങ്കിലും അതെല്ലാം തകർന്നു. തിരമാലകൾ ആകാശംമുട്ടെ ഉയർന്നു.  ദൈവത്തെ വിളിക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. മൂന്നുദിവസം ഒരേയിരിപ്പ്. കാറ്റുകാരണം പുറത്തേക്കിറങ്ങാൻ മാർഗമില്ല. കഴിക്കാൻ ഒന്നുമുണ്ടാക്കിയില്ല. കുപ്പിയിൽ മൂത്രമൊഴിച്ച് പുറത്തേക്ക് കളയുകയായിരുന്നു. പുറത്തിറങ്ങിയാൽ തെറിച്ചുവീഴുമെന്നുറപ്പായിരുന്നു.

ബോട്ട് ഏതുനിമിഷവും മറിയാവുന്ന നിലയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. ഇതിനകം ബോട്ട് 300 കിലോമീറ്ററോളം എങ്ങോട്ടോ ഒഴുകിയിരുന്നു. മൂന്നാം തീയതിയായപ്പോൾ വയർലെസിൽ നാവികസേനയെ കിട്ടി. കാണുന്ന ദ്വീപിലേക്ക് ബോട്ട് ഓടിച്ചുകയറ്റാനായിരുന്നു നിർദേശം. 90 കിലോമീറ്റർകൂടി പോയപ്പോൾ ഒരു വള്ളം വന്ന് ദിശകാണിച്ച് മുമ്പിൽ ഓടിച്ചു. അങ്ങനെ ബിത്ര ദ്വീപിലെത്തി. ഹെലികോപ്റ്ററിൽ ഭക്ഷണവും മറ്റും കൊണ്ടുവന്നു.

നാവികസേന നൽകിയ ഉടുതുണിയൊഴിച്ച് ബാക്കിയെല്ലാം നഷ്ടമായി. ഏഴാം തീയതിവരെ അവിടെ കഴിഞ്ഞശേഷമാണ് ഒമ്പതിന് രാത്രിയിൽ കൊച്ചിയിലെത്തിയതെന്ന് തോമസ് പറഞ്ഞു.
തോപ്പുംപടിയിൽനിന്ന് പോയ മറ്റൊരു ബോട്ട് ‘സെന്റ് ആന്റണി’ലെ സ്രാങ്ക് റോബിൻസണ് പറയാനുള്ളതും ഏതാണ്ട്  സമാനമായ കഥ. നവംബർ ആറിനാണ് ഇവർ പോയത്. മീൻകുറവായതിനാൽ 29-ന് മടങ്ങുമ്പോഴാണ് കാറ്റിൽ കുടുങ്ങിയത്. എങ്ങോട്ടെന്നില്ലാതെ ഒഴുകിയ ബോട്ട് ബിത്ര ദ്വീപിലേക്ക് എത്തിക്കാൻ നാവികസേനയാണ് സഹായിച്ചത്.