കൊച്ചി: കരാര്‍ജോലിയില്‍ കൂലിച്ചെലവുവര്‍ധന വകവെച്ചുകൊടുക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിന് ജല അതോറിറ്റി എം.ഡി. എ. ഷൈനമോളെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം. നവംബര്‍ 15-ന് രാവിലെ 10.15-നാണ് പോലീസ് ഷൈനമോളെ ഹാജരാക്കേണ്ടത്.

അറസ്റ്റുചെയ്താല്‍ 25,000 രൂപയുടെ സ്വന്തംബോണ്ടില്‍ ജാമ്യംനല്‍കാമെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. വ്യാഴാഴ്ച കോടതിയലക്ഷ്യഹര്‍ജി പരിഗണിച്ചപ്പോള്‍ എം.ഡി. വെള്ളിയാഴ്ച ഹാജരാകുമെന്ന് ജല അതോറിറ്റി അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചയും ഇവര്‍ ഹാജരായില്ല.

വെള്ളിയാഴ്ച എത്താന്‍ ബുദ്ധിമുട്ടുള്ളതായി അഭിഭാഷകന്‍ അറിയിച്ചിരുന്നില്ലെന്ന് കോടതി വിലയിരുത്തി. കോടതിയലക്ഷ്യം കാണിച്ചിട്ടില്ലെന്നും നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നുമുള്ള ഷൈനമോളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കരാറുകാരന് കൂലിച്ചെലവ് വര്‍ധന അനുവദിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ച് നേരത്തേ ശരിവെച്ചിരുന്നു. ഇത് പാലിക്കാത്തതിന് കാരണമറിയിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്ട്‌സ് (ഇന്ത്യ) എന്ന സ്ഥാപനത്തിനുവേണ്ടി സീനിയര്‍മാനേജര്‍ ശ്രീനേഷ് ആണ് കോടതിയലക്ഷ്യഹര്‍ജി നല്‍കിയത്.