കൊച്ചി : സമരവുമായി നീങ്ങാന്‍ കരാറുകാര്‍ തീരുമാനിച്ചതോടെ കോര്‍പ്പറേഷനുകളടക്കമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി. ജി.എസ്.ടി. വിഷയത്തില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, പൊതുമരാമത്ത് വകുപ്പിലെ കരാറുകാര്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. അവര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ പ്രബല വിഭാഗം കരാറുകാര്‍ സമരവുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിലാണ്.

അടങ്കലിലിനൊപ്പം ഒന്നു മുതല്‍ അഞ്ചു ശതമാനം വരെ ജി.എസ്.ടി. നഷ്ടപരിഹാരം കൂട്ടി നല്‍കാമെന്ന പ്രധാന വ്യവസ്ഥയിലാണ് ഒരുവിഭാഗം കരാറുകാരുടെ സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. അതുകൊണ്ട് തങ്ങള്‍ക്ക് പ്രയോജനമൊന്നുമില്ലെന്ന വാദമാണ് തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാര്‍ മുന്നോട്ടുവെയ്ക്കുന്നത്. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെറുകിട കരാറുകാരുടെ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച എല്‍.എസ്.ജി.ഡി. കോണ്‍ട്രാക്ടേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരവുമായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃയോഗത്തിലും സമരത്തില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോര്‍പ്പറേഷനുകളിലെ കരാറുകാരുടെ സംഘടനകളെല്ലാം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അവിടെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കരാറുകാരുടെ നിസഹകരണം മൂലം അവതാളത്തിലായിരിക്കുകയാണ്.

അസംസ്‌കൃത വസ്തുക്കള്‍ മാത്രമല്ല, ലേബര്‍ ചാര്‍ജും ജി.എസ്.ടിയില്‍ വരുന്നുണ്ടെന്നും എന്നാല്‍ ഇന്‍ പുട്ട് ടാക്‌സ് നല്‍കുമ്പോള്‍ 12 ശതമാനം വരുന്ന ലേബര്‍ ചാര്‍ജ് പരിഗണിക്കുന്നില്ലെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ക്വാറി അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി. വരും മുമ്പ് 14 ശതമാനമായിരുന്നു നികുതി. ജി.എസ്.ടിയില്‍ അത് അഞ്ചു ശതമാനമായി കുറഞ്ഞു. അപ്പോള്‍ ഒമ്പതു ശതമാനം നിരക്ക് കുറയണമെന്നിരിക്കെ വില നാല്പതു ശതമാനം ഉയര്‍ന്നുവെന്നാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതൊരു ചര്‍ച്ചയായില്ല. ക്വാറി ഉത്പന്നങ്ങളുടെ വില ഏകീകരണം നടക്കണം. വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് വിലകൂട്ടി നല്‍കണം. ഇക്കാര്യം മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

പൊതുമാരാമത്ത് കരാറുകാരുടെ സംഘടനകള്‍ക്ക് ഉയര്‍ന്ന നിരക്ക് നല്‍കുന്നതും തദ്ദേശ സ്ഥാപനങ്ങളിലെ കരാറുകാര്‍ പരാതിയായി ഉന്നയിക്കുന്നു. പൊതുമരാമത്തുകാര്‍ക്ക് ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് നല്‍കുമ്പോള്‍ അതിനേക്കള്‍ വളരെ താഴ്ന്ന മിനിസ്റ്ററി ഓഫ് റൂറല്‍ ഡവലപ്പ്‌മെന്റ് നിരക്കാണ് തദ്ദേശസ്ഥാപന കരാറുകാര്‍ക്ക് നല്‍കുന്നത്. നിരക്ക് ഏകീകരണം അനിനാര്യമാണെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നു.