കൊച്ചി: കേരളത്തിലെ ആരാധനാലയങ്ങളില്‍ സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഏതു സമുദായത്തിന്റെയായാലും കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. കെ.വി. തോമസിന്റെ 'വിദ്യാപോഷണം പോഷക സമൃദ്ധം' പദ്ധതിയുടെ 14-ാം വാര്‍ഷികം പുല്ലേപ്പടി ദാറുല്‍ ഉലൂം സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എയര്‍കണ്ടീഷന്‍ഡ് ആരാധനാലയങ്ങള്‍ നമുക്ക് ആവശ്യമില്ല. ഭൂരിപക്ഷ സമുദായത്തിന്റെ ആയാലും ന്യൂനപക്ഷ സമുദായത്തിന്റെ ആയാലും പത്തുകോടിയും 25 കോടിയുമെല്ലാം മുടക്കി ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കുന്നത് ന്യായീകരിക്കാനാകില്ല. ആ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. രാജ്യം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ ചിലരുടെ കൈയില്‍ മാത്രം സ്വത്ത് കുമിഞ്ഞുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിച്ചു. 164 വിദ്യാലയങ്ങളിലെ 50,000 കുട്ടികള്‍ക്കാണ് ഈ വര്‍ഷം പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്നതെന്ന് വിദ്യാധനം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി കൂടിയായ പ്രൊഫ. കെ.വി. തോമസ് എം.പി പറഞ്ഞു. ഉച്ചഭക്ഷണത്തിനു പുറമെ കുട്ടികള്‍ക്ക് സായാഹ്നത്തില്‍ ലഘുഭക്ഷണം കൂടി നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡന്‍ എം.എല്‍.എ., കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, അസറ്റ് ഹോംസ് എം.ഡി. വി. സുനില്‍കുമാര്‍, ദാറുല്‍ ഉലൂം സ്‌കൂള്‍ മാനേജര്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എന്‍.എന്‍. സുഗുണപാലന്‍ എന്നിവര്‍ പങ്കെടുത്തു.