കൊച്ചി: അസാധുനോട്ടുകള്‍ക്ക് പകരം പുതിയ വ്യാജനോട്ടുകള്‍ കൈമാറുന്ന ഇടപാടുകള്‍ കൂടുന്നതായി കേന്ദ്രാന്വേഷണ ഏജന്‍സികള്‍. സര്‍ക്കാര്‍ നയം മാറുമെന്ന് പ്രതീക്ഷിച്ചാണ് അസാധുനോട്ടുകളുടെ കൈമാറ്റം നടക്കുന്നത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടി നേരിട്ടാല്‍ കേന്ദ്ര നയങ്ങളില്‍ മാറ്റംവരുത്താന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനാകുമെന്ന വിലയിരുത്തലാണ് പിന്നില്‍. ചില ആരാധനാലയങ്ങളിലും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും അസാധുനോട്ടുകള്‍ ശേഷിക്കുന്നുണ്ടെന്നാണ് വിവരം. ചില വിദേശനിക്ഷേപകരുടെ പക്കലും ഇവയുണ്ട്.

മാറ്റിക്കൊടുക്കാന്‍ നല്‍കുന്ന അവസരം ഉപയോഗിക്കാമെന്നാണ് അസാധുനോട്ടുകള്‍ ശേഖരിക്കുന്നവരുടെ പ്രതീക്ഷ. സംസ്ഥാനത്ത് പലയിടങ്ങളിലും സമാഹരിക്കുന്ന ഇത്തരം നോട്ടുകള്‍ ആക്രിക്കച്ചവടത്തിന്റെ മറവില്‍ തമിഴ്‌നാടുവഴി ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കും എത്തിക്കുന്നുണ്ട്.

പുതിയനോട്ടുകളുടെ വ്യാജന്‍ തമിഴ്‌നാട്ടിലെ ചില കേന്ദ്രങ്ങളില്‍ അച്ചടിക്കുന്നതിന്റെ സൂചനകളും കിട്ടിയിട്ടുണ്ട്. ഒരുകോടി രൂപയുടെ പഴയനോട്ടുകള്‍ക്ക് ഇപ്പോള്‍ 25 ലക്ഷമാണ് നല്‍കുക. പുതിയ കള്ളനോട്ടുകള്‍ എത്തിയതോടെ 50 ശതമാനം നല്ലനോട്ടും അവശേഷിക്കുന്നവ വ്യാജനുമെന്ന നിലയിലായിട്ടുണ്ട്.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകളുടെ സെക്യൂരിറ്റി രഹസ്യം ചോര്‍ന്നവിവരം അധികൃതര്‍ ഏറക്കുറെ സമ്മതിച്ചിട്ടുണ്ട്. 27 കോഡുകളില്‍ 15 എണ്ണം ചോര്‍ത്തി ബംഗ്ലാദേശ് ആസ്ഥാനമായി നോട്ടുകളുടെ വ്യാജന്‍ തയ്യാറാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തമിഴ്‌നാട് ആസ്ഥാനമാക്കിയാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയതെന്ന സൂചനയും ലഭിച്ചു.

പല എ.ടി.എമ്മുകളിലും ആകൃതിയിലും മറ്റും മാറ്റമുള്ള നോട്ടുകള്‍ കിട്ടിയ പരാതി ഉയര്‍ന്നതോടെയാണ് അന്വേഷണം പുതിയ കള്ളനോട്ടുകളിലേക്കെത്തിയത്.