കൊച്ചി: ഹൈക്കോടതിയിലെ മുഖ്യലൈബ്രേറിയന് ഒമ്പതാം ശമ്പളക്കമ്മിഷനില്‍ ശമ്പളം നിര്‍ണയിച്ചതില്‍ വന്ന അപാകം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഒരവസരം കൂടി നല്‍കി. നവംബര്‍ ഒന്നിനകം പരിഹരിച്ചില്ലെങ്കില്‍ അന്ന് ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.

ഹൈക്കോടതിയിലെ ചീഫ് ലൈബ്രേറിയന്‍ കെ.ജി. രാജമോഹന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണിത്. അപാകമുണ്ടെന്നകാര്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. അന്നത്തെ ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.

ഒന്പതാം ശമ്പളക്കമ്മിഷനിലെ തീര്‍പ്പില്‍ ഹര്‍ജിക്കാരന്റെ ശമ്പളം നിശ്ചയിച്ചതില്‍ അപാകമുണ്ടെന്നായിരുന്നു ആക്ഷേപം. ഹൈക്കോടതിയിലെ മൂന്നംഗ ന്യായാധിപസമിതി ഇക്കാര്യം പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി അപാകം പരിഹരിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.

അതില്‍ നടപടിയില്ലാതെ വന്നപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അപാകം പരിഹരിക്കാന്‍ കോടതിയും നിര്‍ദേശിച്ചു. അതും പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കി.

പത്താം ശമ്പളക്കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും ഒമ്പതാം ശമ്പളക്കമ്മിഷനിലെ അപാകം അതില്‍ പരിഗണിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അത് ഉത്തമവിശ്വാസത്തിലെടുത്ത് ഡിവിഷന്‍ബെഞ്ച് കോടതിയലക്ഷ്യഹര്‍ജി തീര്‍പ്പാക്കി. എന്നാല്‍, പത്താം ശമ്പളക്കമ്മിഷന്‍ തീരുമാനം വന്നപ്പോഴും ഹര്‍ജിക്കാരന്‍ ഉന്നയിച്ച പ്രശ്‌നത്തില്‍ നടപടിയുണ്ടായില്ല. ഇക്കാര്യം ഉന്നയിച്ചുള്ള കോടതിയലക്ഷ്യഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.