കൊച്ചി: വിപണിയില്‍ നിലവില്‍ ലഭ്യമായ മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രാനുമതി സമ്പാദിക്കാത്തവര്‍ക്ക് രണ്ടുമാസംകൂടി സാവകാശം. ഇതിനകം അനുമതി കിട്ടിയില്ലെങ്കില്‍ അവയുടെ നിര്‍മാണാനുമതി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ മുന്നറിയിപ്പ്.

രാജ്യത്ത് വിപണനംചെയ്യുന്ന മരുന്നുസംയുക്തങ്ങളെപ്പറ്റി വിശദമായി പഠിച്ച പ്രൊഫ. ചന്ദ്രകാന്ത് കോക്കട്ട് സമിതിയുടെ റിപ്പോര്‍ട്ടില്‍ ഗുണമേന്മയുള്ളതെന്ന് കണ്ടെത്തിയ മരുന്നുകള്‍ക്കാണ് അനുമതി നല്‍കുക. മരുന്നുകളുടെ നിര്‍മാണാനുമതി സംസ്ഥാനാധികൃതരാണ് സാധാരണ നല്‍കാറ്്. ഇതിനുശേഷമാണ് കേന്ദ്രാധികൃതരുടെ അംഗീകാരം നേടുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അവയുടെ ഗുണമേന്മ റിപ്പോര്‍ട്ടടക്കം സമര്‍പ്പിച്ച് കേന്ദ്രത്തിന്റെ അനുമതി വാങ്ങണമെന്ന് അടുത്തയിടെ നിര്‍ബന്ധമാക്കിയിരുന്നു. ചില മരുന്നുകളുടെ ഉപയോഗംമൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.

അറുനൂറിലധികം സംയുക്തങ്ങള്‍ ഗുണകരമല്ലെന്നാണ് കോക്കട്ട് സമിതി കണ്ടെത്തിയത്. ഇതില്‍ ഏറ്റവും പ്രശ്‌നമുള്ള 344 എണ്ണം ഒന്നരവര്‍ഷത്തിനുമുന്‍പ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇതിനെതിരേ കമ്പനികള്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി നിരോധനം റദ്ദാക്കി. പല കോടതികളിലും ഇതുസംബന്ധിച്ച കേസുകള്‍ നടക്കുകയുമായിരുന്നു. റദ്ദാക്കല്‍ ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി കീഴ്‌കോടതികളിലെ എല്ലാ കേസുകളും ഒന്നിച്ചുകേള്‍ക്കാന്‍ സമ്മതിച്ചു. ഇതിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.