കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിയമം (യു.എ.പി.എ.) അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതിവേണമെന്ന് സര്‍ക്കാര്‍. യു.എ.പി.എ. കുറ്റം ചുമത്തിയത് ചോദ്യംചെയ്ത് ഒന്നുമുതല്‍ പത്തൊമ്പതുവരെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാരല്ല, സംസ്ഥാനസര്‍ക്കാരാണ് ഈ കേസില്‍ യു.എ.പി.എ. പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതിനല്‍േകണ്ടതെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനസര്‍ക്കാര്‍ ഇറക്കിയ ഉത്തരവുപ്രകാരമാണ് സി.ബി.ഐ.യെ കേസന്വേഷണം എല്‍പ്പിച്ചത്.
 
സംസ്ഥാനത്ത് നടന്ന സംഭവമാണ്. രാജ്യസുരക്ഷയെയോ അഖണ്ഡതയെയോ ബാധിക്കുന്ന തീവ്രവാദപ്രവര്‍ത്തനം നടന്നതായി പറയുന്നില്ല. അതിനാല്‍ സംസ്ഥാനസര്‍ക്കാരാണ് അനുമതി നല്‍കേണ്ടതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

യു.എ.പി.എ. പ്രകാരമുള്ള കുറ്റം ചുമത്തിയതുമൂലം ജാമ്യം ലഭിക്കുന്നില്ലെന്നാണ് പ്രതികളുടെ ആക്ഷേപം. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. കാര്യവാഹക് ആയ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു.