കൊച്ചി: അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കേരളത്തിലെ മത്സ്യബന്ധന മേഖല കൈയടക്കുന്നു. സ്വന്തം നാട്ടില്‍ അവസരങ്ങള്‍ കുറഞ്ഞതും കേരളത്തിലെ മെച്ചപ്പെട്ട വരുമാനവുമാണ് ഇതിനു പിന്നിലെ കാരണങ്ങള്‍.

പശ്ചിമ ബംഗാളിലെ സുന്ദര്‍ബാന്‍, ഒഡീഷയിലെ പുരി, ഖൊര്‍ഡ, കട്ടക്ക്, ബലേശ്വര്‍, ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം, കര്‍ണാടകയിലെ ഉഡുപ്പി, തമിഴ്‌നാട്ടിലെ കന്യാകുമാരി, കടലൂര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കേരളത്തില്‍ ഉപജീവനത്തിനായി എത്തുന്നത്.
 
കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പെരുമ്പാവൂരിലെ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലുസീവ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബിനോയ് പീറ്റര്‍ പറയുന്നു.

2015-16 കാലഘട്ടത്തില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ എണ്ണം 2,33,126 ആയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കണ്ടു തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നത് സമീപകാലത്താണ്.
 
മത്സ്യബന്ധനത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളാണ് ഇതിന് പ്രധാന കാരണം. ഒഡീഷയിലും സുന്ദര്‍ബാനിലും നിന്നുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് ഇത്തരത്തിലുള്ള കാരണങ്ങളാണെന്ന് ബിനോയ് പീറ്റര്‍ പറഞ്ഞു.

ഒലിവ് റിഡ്‌ലി ആമകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ഒഡീഷ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇടനിലക്കാര്‍ പിടിമുറുക്കിയതാണ് സുന്ദര്‍ബാന്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കിയത്. ഇത്തരക്കാരുടെ ചൂഷണം മൂലം ഇവര്‍ക്ക് അര്‍ഹിക്കുന്ന വരുമാനം ലഭിക്കുന്നില്ല. സുന്ദര്‍ബാനിലെ കാക് ദ്വീപില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലെ മീന്‍പിടിത്ത കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട്ടുകാരാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ളവരെയാണ് പിന്നീട് കൂടുതലായി കാണുന്നത്. കേരളത്തില്‍ വിഴിഞ്ഞത്തൊഴികെ മറ്റു ഫിഷിങ് ഹാര്‍ബറുകളിലെല്ലാം അന്യസംസ്ഥാന തൊഴിലാളികളെ കൂടുതലായി കാണാന്‍ കഴിഞ്ഞതായും ബിനോയ് പറഞ്ഞു. മത്സ്യബന്ധന ബോട്ടുകളിലേക്ക് കേരളത്തില്‍ തൊഴിലാളികളെ കിട്ടാനില്ലെന്നതും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേട്ടമാകുന്നു. കേരളത്തില്‍ ഏകദേശം 3,000 ട്രോളിങ് ബോട്ടുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 85 മുതല്‍ 90 ശതമാനം വരെ തൊഴിലാളികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

മത്സ്യ സംസ്‌കരണ രംഗത്തും അന്യസംസ്ഥാനക്കാരുടെ സാന്നിധ്യമുണ്ട്. അസം, പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഈ മേഖലയിലെ തൊഴിലാളികളില്‍ ഏറെയും. ആലപ്പുഴയിലെ അരൂര്‍, കൊല്ലത്തെ നീണ്ടകര, ശക്തികുളങ്ങര എന്നിങ്ങനെ കേരളത്തിലെ പ്രധാന മത്സ്യ സംസ്‌കരണ കേന്ദ്രങ്ങളിലെല്ലാം അന്യസംസ്ഥാനക്കാരായ സ്ത്രീകളും പുരുഷന്‍മാരും ജോലി ചെയ്യുന്നുണ്ട്.