കൊച്ചി: വംശനാശഭീഷണി നേരിടുന്ന തിമിംഗിലസ്രാവുകളെ സംരക്ഷിക്കാനുള്ള യത്‌നത്തിനു തുടക്കമായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് കേരള, ലക്ഷദ്വീപ് തീരത്ത് പദ്ധതി നടപ്പാക്കുന്നത്.

ഏറ്റവും വലിയ മത്സ്യ ഇനമായ ഇവയെ സമുദ്രാരോഗ്യസൂചികയായാണ് കണക്കാക്കുന്നത്.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ നേച്ചറിന്റെ ചുവപ്പുപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുന്ന ആദ്യ മത്സ്യയിനംകൂടിയാണ്. കാലാവസ്ഥ വ്യതിയായനത്തിന്റെയും അശാസ്ത്രീയ മത്സ്യബന്ധനത്തിന്റെയും ഫലമായി ഇവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഗുജറാത്ത് തീരങ്ങളില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇവ. അവിടെ ഇവയുടെ നിലനില്‍പ്പിനു ഭീഷണിയുയര്‍ന്നപ്പോള്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ടാറ്റ കെമിക്കല്‍സിന്റെയും ഗുജറാത്ത് സര്‍ക്കാരിന്റെയും സഹായത്തോടെ 2004 മുതല്‍ തീരപ്രദേശങ്ങളില്‍ ബോധവത്കരണപരിപാടികള്‍ നടത്തിയിരുന്നു. അതിന്റെ ഫലമായി നിരുപദ്രവകാരികളായ തിമിംഗിലസ്രാവിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി. 13 വര്‍ഷത്തിനിടെ എഴുന്നൂറോളം തിമിംഗിലസ്രാവുകളെ മത്സ്യത്തൊഴിലാളികള്‍ സ്വമേധയാ വലയില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ട്രസ്റ്റ് ഈ പദ്ധതി കേരള, ലക്ഷദ്വീപ് തീരത്തേക്ക് വ്യാപിപ്പിക്കുന്നതെന്ന് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് മേനോന്‍ പറഞ്ഞു.