കൊച്ചി: കേരളത്തില്‍ പുതിയ ഇനം ഞണ്ടുകളെ കണ്ടെത്തി. കണ്ടല്‍ ആവാസ വ്യവസ്ഥയിലാണ് സ്യൂഡോസെസാര്‍മ്മ ഗ്ലാബ്രം എന്ന ഞണ്ട് കാണപ്പെടുന്നത്.

സെസാര്‍മിഡെ വിഭാഗത്തിലാണ് പുതിയ ഇനം ഞണ്ട്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ബയോളജി വകുപ്പും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞണ്ടിനെ കണ്ടെത്തിയത്.

ഈ ഞണ്ടിന് തീരദേശത്ത് കാണുന്നതും കണ്ടല്‍ ആവാസ വ്യവസ്ഥയില്‍ മാത്രം കാണപ്പെടുന്നതുമായ ഞണ്ടുകളോട് നിറത്തിലും കാഴ്ചയിലും സാമ്യം ഉണ്ട്. എന്നാല്‍ സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ ഇതിന്റെ പുറമെയുളള കാഴ്ചയില്‍ വ്യത്യാസം തിരിച്ചറിയാനാകും. മുടിനാരുകള്‍ ഒന്നും ഇല്ലാത്ത മിനുസമുളള പുറം ചട്ടയാണ് പുതിയ ഞണ്ടിന്റെ പ്രത്യേകത. മുന്‍ഭാഗത്തുള്ള കാലുകളുടെ അഗ്രഭാഗം വെളുത്തതും അതിന് തൊട്ട് പിന്നിലായി പര്‍പ്പിള്‍ ഓറഞ്ച് നിറവുമാണ്. സാധാരണ കാണുന്ന ഞണ്ടുകള്‍ക്ക് ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള മുന്‍കാലുകളാണുള്ളത്. ആണ്‍ വിഭാഗത്തിന്റെ പ്രജനന അവയവത്തിന്റെ ഘടനയിലും പ്രധാന വ്യത്യാസം കാണുന്നുണ്ട്.

അരൂര്‍ പ്രദേശത്തെ കണ്ടല്‍ക്കാടുകളിലാണ് ഇത് കണ്ടെത്തിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ ബയോളജി വിഭാഗത്തിലെ ഗവേഷകരായ പ്രൊഫ. ബിജോയ് നന്ദന്‍, റാണി വര്‍ഗീസ്, സിങ്കപ്പുര്‍ നാഷണല്‍ യൂണിവേഴ്‌സസിറ്റി പ്രൊഫ. ഡോ. പീറ്റര്‍ എന്നിവരാണ് പുതിയ ഇനം ഞണ്ടിനെ കണ്ടത്തിയത്. ഇത് ഭക്ഷ്യയോഗ്യമല്ല.